തിരുവനന്തപുരം: പോത്തൻകോട് പലിശ പണം നൽകാത്തതിന് 60 കാരനായ നസീമിനെ തട്ടിക്കൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയ സംഭവത്തിൽ മുഖ്യപ്രതിയും ക്വട്ടേഷൻ സംഘാംഗവും പൊലീസ് പിടിയിൽ. ഒന്നാം പ്രതി ഷൂക്കൂർ, മൂന്നാം പ്രതി മനോജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വൃദ്ധനെ തട്ടിക്കൊണ്ടു പോകാനായി ഷുക്കൂർ ആണ് പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.
കടം കൊടുത്ത പണം തിരികെ നൽകാത്തതിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്വട്ടേഷൻ സംഘം പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി ബന്ധിച്ചത്. നസീമിനെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷൻ നൽകിയ ഷുക്കൂർ നസീമിന്റെ ബന്ധു ആണ്. 30,000 രൂപ വാങ്ങിയതിന് നസീം പലിശ സഹിതം 60,000 രൂപ തിരികെ നൽകിയെങ്കിലും വീണ്ടും പണം വേണമെന്ന് ക്വട്ടേഷൻ സംഘം ആവശ്യപ്പെടുകയായിരുന്നു.
ക്വട്ടേഷൻ ഏറ്റെടുത്ത സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികൾ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ഷുക്കൂർ വിരമിച്ച എസ്ടി വകുപ്പിലെ ഗസറ്റഡ് ഓഫിസർ ആണ്. ഒരു കൊലക്കേസ് പ്രതിയാണ് മനോജ്. ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി.
Post Your Comments