ന്യൂഡൽഹി : ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആർഎസ്എസിൽ നിന്നാണ് ആം ആദ്മി പാർട്ടി ഉണ്ടായതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പഞ്ചാബിലെ കോട്കപുരയിൽ നടന്ന ‘നവി സോച്ച് നവ പഞ്ചാബ്’ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്, ആർ എസ് എസിൽ നിന്നും ഉയർന്ന് വന്നതാണ് ആം ആദ്മി. പഞ്ചാബിൽ ഡൽഹി മോഡൽ കൊണ്ടു വരുമെന്ന ആം ആദ്മിയുടെ അവകാശവാദം പൊള്ളയാണെന്നും പ്രിയങ്ക പറഞ്ഞു. 2014ൽ ഗുജറാത്ത് മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത്. പഞ്ചാബിൽ രൂപീകൃതമാവുന്ന സർക്കാരിനെ പഞ്ചാബിൽ നിന്ന് നയിക്കണം, എന്നാൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഡൽഹിയിൽ നിന്നാവും അതെന്നും പ്രിയങ്ക വ്യക്തമാക്കി.
പ്രചാരണത്തിനിടയിൽ ബി ജെ പിയെയും പ്രിയങ്ക വിമർശിച്ചു. കർഷക പ്രക്ഷോഭത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും നിങ്ങൾ തലകുനിച്ചില്ല, അതാണ് പഞ്ചാബികൾ, പഞ്ചാബികളെ തനിക്ക് മനസിലാവും കാരണം താൻ ഒരു പഞ്ചാബിയെയാണ് വിവാഹം കഴിച്ചത്. എന്റെ കുട്ടികൾക്ക് പഞ്ചാബി രക്തമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments