മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ഇപ്പോൾ സുരക്ഷിതമായി സ്വന്തം വീട്ടിലാണ്. ചികിത്സ കഴിഞ്ഞ ബാബു കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പിന്നാലെ ബാബുവിന്റെ സാഹസിക ജീവിതത്തെ കുറിച്ച് സിനിമ വരുമോയെന്ന ചർച്ചകളും സോഷ്യൽ മീഡിയകളിൽ നടന്നിരുന്നു. ചില ട്രോളുകളും പ്രത്യക്ഷപ്പെട്ടു. അതിൽ ഒരു ട്രോൾ, ബാബുവിന്റെ ജീവിതം സിനിമയാക്കാൻ സംവിധായകൻ ഒമർ ലുലു ഒരുങ്ങുന്നു എന്നതായിരുന്നു. എന്നാൽ, ഇത്തരമൊരു പദ്ധതി ഇതുവരെ ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഒമർ ലുലു.
നിലവിൽ പവർസ്റ്റാർ എന്ന സിനിമയുടെ തിരക്കിലാണ് ഒമർ ലുലു. ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെ പിറകെയാണ് താനിപ്പോൾ എന്ന് വ്യക്തമാക്കിയ ഒമർ ലുലു, ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലെന്നും പറഞ്ഞു. ഒപ്പം ബാബുവിന് എല്ലാ ആശംസകളും സംവിധായകൻ നേരുന്നുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ വിശദീകരണം.
‘ഇങ്ങനെ ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാന്‍ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്.ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാ.ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നു’, ഒമർ ലുലു കുറിച്ചു. ‘ബാബുവിന്റെ ജീവിതം സിനിമയാക്കുന്നത് പരിഗണനയിൽ, നായകനെ തിരഞ്ഞ് ഇനി ഇങ്ങോട്ടും പോകണ്ട’ എന്ന ക്യാപ്ഷനിൽ ഒമർ ലുലുവിന്റെയും പ്രണവ് മോഹൻലാലിന്റേയും ചിത്രങ്ങൾ ഉള്ള ട്രോളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ഈ ട്രോളിന് മറുപടി നലകുകയായിരുന്നു ഒമർ ലുലു
Post Your Comments