കൊച്ചി: ലോഡ്ജ് ഉടമയെ ഹണിട്രാപ്പിലാക്കി ഭീഷണിപ്പെടുത്തി പണവും രേഖയും തട്ടിയെടുത്ത യുവതിയും കാമുകനും പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി ഷാജിയെന്നു വിളിക്കുന്ന ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തു പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന റിൻസീന(29) എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്.
റിൻസീന ഫോർട്ടുകൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. ഇവിടെനിന്നു ശീതള പാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നും പറഞ്ഞു ലോഡ്ജ് ഉടമയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ലോഡ്ജുടമയെയും കൂട്ടുകാരനെയും ഇവർ ആശുപത്രി മുറിയിൽ പൂട്ടിയിട്ട് റിൻസീനയ്ക്കൊപ്പം പലതരം വീഡിയോ എടുത്തു.
ഇതിന് ശേഷം ഇവരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പണവും തിരിച്ചറിയിൽ രേഖയും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ലോഡ്ജുടമ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം, പ്രതികളെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു ഹണിട്രാപ്പിന്റെ വിവരം കൂടി പോലീസിന് ലഭിച്ചു.
സമാന രീതിയിൽ എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ ദീർഘകാല ചികിത്സയ്ക്കു വരുന്നവർക്കും ബന്ധുക്കൾക്കും താമസ സൗകര്യം ഏർപ്പെടുത്തി ക്കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയെ റിൻസീനയും സംഘവും കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഇതോടെ കൂടുതൽ തട്ടിപ്പുകൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വി.യു. കുര്യാക്കോസ്, മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥ് എന്നിവരുടെ നിർദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ. സാബു, സബ് ഇൻസ്പെക്ടർമാരായ ഒ.ജെ. ജോർജ്, മധുസുദനൻ, പോലീസുകാരായ ബിജു, എഡ്വിൻ റോസ്, കെ.എ. അനീഷ്, എ.ടി. കാർമിലി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments