ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച രാജ്യങ്ങൾക്ക് ചുട്ട മറുപടി കൊടുത്ത് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായ പ്രകടനത്തെ സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. ഹിജാബ് വിഷയത്തിൽ ചില രാജ്യങ്ങളിൽ അഭിപ്രായങ്ങൾ അറിയിച്ചതിനെ തുടർന്ന് അവർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഹിജാബ് വിഷയം കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ രാജ്യത്തിന് കൃത്യമായ ഭരണഘടനാ ചട്ടക്കൂടും സംവിധാനങ്ങളുമുണ്ടെന്നും അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. ജനാധിപത്യക്രമത്തിൽ ഇവിടെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യങ്ങൾ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നന്നായി അറിയാവുന്നവർക്ക് ഇക്കാര്യങ്ങളിൽ നല്ല ബോധ്യമുണ്ടെന്നും അരിന്ദം ബാഗ്ച്ചി വിശദമാക്കി.
ക്ലാസ് മുറികളിൽ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതേ തുടർന്ന് ഹർജിയുമായി വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഹിജാബ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കി. നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, ഉചിത സമയത്ത് ഹർജി കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചു.
Post Your Comments