കൊച്ചി: മുന്‍ മിസ്‌കേരള അന്‍സി കബീര്‍, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് എടുത്തു. ഹോട്ടലില്‍ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നും പരാതിയിൽ ഉണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫോര്‍ട്ട് കൊച്ചി പൊലീസില്‍ ലഭിച്ച പരാതിയിലാണ് കേസ്.
കോഴിക്കോട് സ്വദേശികളായ അമ്മയുടേയും മകളുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും പീഡന ദൃശ്യം പകർത്തിയതിനും ഭീഷണിപ്പെടുത്തിയതിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാല്‍ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഫോര്‍ട്ടു കൊച്ചി പൊലീസ് തുടര്‍ അന്വേഷണം നിലവില്‍ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു കൈമാറിയിട്ടുണ്ട്.
കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തില്‍ റോയ് വയലാറ്റ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വാഹനാപകടം നടന്ന ദിവസം മോഡലുകള്‍ എത്തിയ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്‌കുകള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്. സൈജു തങ്കച്ചൻ യുവതികളെ പിന്തുടർന്നതിനാൽ അമിത വേഗത്തിൽ വാഹനം ഓടിച്ചാണ് യുവതികൾക്ക് അപകടം ഉണ്ടായതും മൂന്നുപേരുടെ മരണത്തിനിടയാക്കിയതെന്നുമാണ് ആരോപണം.
കൂടാതെ ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.
Post Your Comments