കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചനുമായി ഇന്‍സ്റ്റഗ്രാമില്‍ ‘ലഹരി ചാറ്റ്’ നടത്തിയ യുവതികളെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി വിവരം. മൂന്ന് പേരെ ചോദ്യം ചെയ്തെന്നാണ് അറിയുന്നത്. സമ്പന്ന കുടുംബാംഗങ്ങളായ ഇവര്‍ സൈജുവിന്റെ ലഹരി ബന്ധങ്ങളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് കൈമാറിയതായാണ് സൂചന. എന്നാല്‍ സൈജുവിനെതിരെ പരാതി നല്‍കാന്‍ ഇവര്‍ കൂട്ടാക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം സൈജു യുവതികളെ പിന്തുടരാന്‍ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ തൃശൂര്‍ സ്വദേശി ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ഉടന്‍ ചെയ്യും. കാക്കനാട് രാജഗിരിവാലിയിലെ സൈജുവിന്റെ ഫ്ളാറ്റില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ ഫെബിനും സുഹൃത്തുക്കളും പങ്കെടുത്തിട്ടുണ്ട്. ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സൈജു സംഘടിപ്പിക്കുന്ന ഡി.ജെ.പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇയാള്‍.
ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.
പാര്‍ട്ടിയില്‍ ഒരു വനിതാ ഡോക്ടറുമുണ്ടായിരുന്നെന്ന് സൈജു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇവരെയും ചോദ്യം ചെയ്യും. അതേസമയം ഒരു വനിതയുടെ ശരീരത്തിൽ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വിഡിയോ സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തി. അതേസമയം സൈജു കേരളത്തിലെ ലഹരിമാഫിയയുടെ പ്രബലനായ കണ്ണിയായതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
സൈജുവിന്റെ കൈയില്‍ നിന്ന് ക്രൈംബ്രാഞ്ചിന് മയക്കുമരുന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയുമോയെന്നാണ് തിരക്കുന്നത്. ഇതുകൂടാതെ കാട്ടുപോത്തിനെ വേട്ടയാടി കറിവച്ചു കഴിച്ചെന്ന സൈജുവിന്റെ വാട്‌സ് ആപ് ചാറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് പറഞ്ഞു. വനത്തില്‍ ചാരായം വാറ്റി ഉപയോഗിച്ചെന്നും ചാറ്റിലുണ്ട്.
ഇക്കാര്യത്തില്‍ എക്‌സൈസിന്റെ സഹായത്തോടെ അന്വേഷണം നടത്തും. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ചതിനെക്കുറിച്ച് സൈജു സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രശസ്തയായ ഒരു യുവതിയും സുഹൃത്തുക്കളും സൈജുവിന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
Post Your Comments