ദില്ലി: കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല. ഹിജാബ് വിവാദത്തില്‍ അന്തിമ ഉത്തരവ് വരും വരെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
എന്താണ് കർണാടകയിൽ നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. ഹര്‍ജിയില്‍ ഇടപെടേണ്ട സമയം വന്നിട്ടില്ല. വിഷയം ദേശീയ തലത്തില്‍ ചർച്ചയാകണമോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഈ വിഷയം വലിയ രീതിയിൽ ചര്‍ച്ച ചെയ്യേണ്ടതില്ല. തെറ്റായി എന്തെങ്കിലും സംഭവിച്ചാല്‍ ഇടപെടാമെന്ന് വ്യക്തമാക്കി ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യത്തെ സുപ്രീം കോടതി തള്ളി.
ഇടക്കാല ഉത്തരവ് നടപ്പാക്കിയാല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും, പതിനഞ്ചിന് നടക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാർത്ഥി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവ് സിഖ് മത വിഭാഗത്തിൽ പെട്ടവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് വിദ്യാർത്ഥി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Post Your Comments