മംഗലാപുരം: കർണാടകയിലെ പുത്തൂരിന് സമീപത്തുള്ള സർവേ എന്ന ഗ്രാമം ഇപ്പോൾ മതസൗഹാർദ്ദത്തിന്റെ മാതൃകയാവുകയാണ്. മംഗലാപുരത്ത് നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിലെ ഹിന്ദു – മുസ്ലിം നിവാസികൾ 800 വർഷം പഴക്കമുള്ള യെലിയ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി ഇപ്പോൾ ഒത്തുചേർന്നിരിക്കുകയാണ്.
Also read: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല, ബസ് ഡ്രൈവറെ തല്ലി യുവതി: വീഡിയോ വൈറൽ
മുൻപ് പലപ്പോഴും ക്ഷേത്രം പുനരുദ്ധരിക്കാൻ ഗ്രാമവാസികൾ ശ്രമങ്ങൾ നടത്തിയെങ്കിലും, അവയൊന്നും വിജയിച്ചിരുന്നില്ല. ഇപ്പോൾ മതപരമായ അതിരുകൾ ഭേദിച്ചുകൊണ്ട് ഗ്രാമം ഒറ്റക്കെട്ടായി ക്ഷേത്രം നവീകരിക്കാൻ തയ്യാറെടുക്കുകയാണ്. ‘പുനരുദ്ധാരണ ജോലികളുമായി മുന്നോട്ട് പോകാൻ പലപ്പോഴും മുസ്ലിം ജനത ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2019 ൽ ഒരു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്’ കമ്മിറ്റിയുടെ ട്രഷറർ എസ്. പ്രസന്ന റായ് പറഞ്ഞു.
ഗ്രാമത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനം മുസ്ലീങ്ങളും 50 ശതമാനം ഹിന്ദുക്കളും ആണ്. ഭൂരിഭാഗം പേരും ഇടത്തരക്കാരാണ്. ജാതി – മത ഭേദമന്യേ നൂറുകണക്കിന് ആളുകൾ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ചെലവുകൾ എല്ലാവരും തുല്യമായി പങ്കിടും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അവർ നിരവധി വാട്സാപ്പ് ഗ്രൂപ്പുകളും ആരംഭിച്ചു. ക്ഷേത്രത്തിന്റെ മതിൽ പണിയാനായി ഏകദേശം 75,000 രൂപ ചെലവ് വന്നു. അതുപോലെ കിണർ നിർമ്മിക്കേണ്ടി വന്നപ്പോൾ, സംഭാവന നല്കാൻ ആഗ്രഹിക്കുന്നവരോട് ഓരോ റിങ്ങുകൾ സ്പോൺസർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി പ്രസന്ന റായ് വിശദീകരിച്ചു. കൂടാതെ, മേൽക്കൂരയിൽ ചെമ്പോല പതിക്കാൻ ഒരു ചതുരശ്ര അടിക്ക് 1000 രൂപയാണ് ചിലവ്. അതിലേയ്ക്ക് താല്പര്യമുള്ളവർക്ക് സംഭാവന നൽകാവുന്നതാണെന്നും ക്ഷേത്രം കമ്മിറ്റി അറിയിച്ചു.
Post Your Comments