
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്ന് കരസേന സാഹസികമായി രക്ഷിച്ച ബാബു ആശുപത്രി വിട്ടു. ഇന്ന് രാവിലെ ബാബുവിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഡിഎംഒ കെ.പി റീത്ത പറഞ്ഞിരുന്നു. ഇന്നലത്തെ പരിശോധനയിൽ ബാബുവിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ബാബു ഭക്ഷണം കഴിച്ചു തുടങ്ങിയതായി വീട്ടുകാരും പറഞ്ഞു.
രണ്ട് ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പൂർണമായും ഭേദമായതോടെയാണ് ബാബുവിനെ ഡിസ്ചാർജ് ചെയ്തത്. ഇതിന്റെ ഭാഗമായി കൗൺസലിംഗ് സൗകര്യം ഉൾപ്പെടെ ഒരുക്കിയിരുന്നു. നേരത്തെ, മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാൻ എത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ അവിടെ തന്നെ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നു എന്നും ബാബു വിശദീകരിച്ചു.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്. അതേസമയം, ബാബുവിനെതിരെ വനം വകുപ്പ് കേസ് എടുത്തതിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി വിളിപ്പിച്ചു. കേസ് എടുക്കാനുള്ള നടപടി ആലോചനയ്ക്ക് ശേഷം മതിയായിരുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു.
Post Your Comments