KeralaLatest NewsNews

പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: 60-കാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു

തിരുവനന്തപുരം : പോത്തന്‍കോട് മേഖലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പലിശക്ക്​ വാങ്ങിയ പണം മടക്കിനൽകാത്തതിനെ തുടർന്ന് 60 കാരനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിൽ നാലുപേരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര സ്വദേശി സന്തോഷ് (40), പൗഡിക്കോണം വട്ടക്കരിക്കകം പിങ്കി ഹൗസിൽ വിഷ്ണു (36), വട്ടക്കരിക്കകം ശരണ്യ ഭവനിൽ ശരത്ത് (33) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ഓട്ടോയിലെത്തിയ സംഘം നസീമിനെ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രണ്ടരവർഷം മുമ്പ് ബന്ധുവായ ഷുക്കൂറിൽനിന്നും പച്ചക്കറി കച്ചവടം നടത്തുന്നതിനായി നസീം പലിശക്ക്​ പണം വാങ്ങിയിരുന്നു. മാസം തോറും 3000 രൂപ പലിശ നൽകാമെന്ന വ്യവസ്ഥയിലാണ് കടം വാങ്ങിയത്. ലോക്ക്ഡൗൺ കാലത്ത് പച്ചക്കറി കച്ചവടം നഷ്ടമായതോടെ പലിശ മുടങ്ങി. തുടർന്ന്, ഷുക്കൂറിന്റെ ഭാഗത്ത് നിന്ന്​ നിരന്തരം ഭീഷണിയുണ്ടായി. ഒരാഴ്ച മുമ്പ് ഷുക്കൂർ നസീമിന്റെ വീട്ടിൽ ഒന്നും എഴുതാത്ത മുദ്രപ്പത്രവുമായെത്തി ഒപ്പിടാൻ ആവശ്യപ്പെട്ടിരുന്നു. നസീം ഇതിന് തയാറായിരുന്നില്ല.

Read Also  :  ‘നി​ന​ക്കൊ​ക്കെ വേ​​റെ പ​ണി​ക്ക്​ പോ​യി​ക്കൂ​ടെ? പി​ച്ച തെ​ണ്ടാ​ൻ പോ​യ്​​ക്കോ…’: വായ്പ കെണി വിരിച്ച് ആപുകൾ

ഇതോടെ ഇന്നലെ നസീം ജോലിചെയ്യുന്ന കടയിലെത്തിയ ഗുണ്ടാസംഘം ഇദ്ദേഹത്തെ ഓട്ടോയിൽ വലിച്ചുകയറ്റുകയായിരുന്നു. ബഹളം വെച്ചപ്പോൾ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്, ക്വട്ടേഷൻ നൽകിയ ഷുക്കൂറും മറ്റൊരാളും ബൈക്കിൽ പിന്തുടർന്ന് പൗഡിക്കോണത്തെ വട്ടക്കരിക്കകത്തെ അലിയാവൂർ ക്ഷേത്രപരിസരത്തെ പൂട്ടിക്കിടക്കുന്ന ഇരുനില കെട്ടിടത്തിന്റെ പിറകിലെത്തിച്ചു. ഇവിടെ വെച്ച്​ അഞ്ചംഗ സംഘം നസീമിനെ തലകീഴായി സമീപത്തെ പൊട്ടക്കിണറ്റിലെ തൂണിൽ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു. വൈകിട്ട് അഞ്ച് മണിവരെ മർദനം തുടർന്നു. അടുത്ത ദിവസം ഉച്ചയോടെ പണം തീർത്ത് നൽകാമെന്ന് ഷുക്കൂറിന്റെ കാലുപിടിച്ച് കരഞ്ഞ് പറഞ്ഞപ്പോഴാണ് പോകാൻ അനുവാദം ലഭിച്ചത്. തുടർന്ന്, നസീമിനെ അടുത്ത ജംഗ്ഷനിൽ ഗുണ്ടാസംഘം ഇറക്കിവിട്ടു. അവശനിലയിലായ നസീമിനെ നാട്ടുകാരും പോലീസും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read Also  :  ഓട്ടോ ഡ്രൈവറെ ആക്രമിച്ച്‌ പണം തട്ടിയ കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം : ദമ്പതിമാര്‍ അറസ്റ്റില്‍

ഒരു ലക്ഷം രൂപ നസീമിൽ നിന്ന്​ വാങ്ങണമെന്നും 50,000 രൂപ തനിക്ക് തന്നാൽ മതിയെന്നും ബാക്കി കൂലിയായി എടുത്തോളാനും ഷുക്കൂർ പറഞ്ഞിരുന്നതായി പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞു. സർക്കാർ സർവിസിൽനിന്ന് വിരമിച്ച ഷുക്കൂർ വ്യാപകമായി പലിശക്ക്​ പണം നൽകുന്ന വ്യക്തിയാണ്. സംഭവത്തിനുശേഷം ഷുക്കൂറും സംഘത്തിലെ മറ്റൊരാളും ഒളിവിൽ പോയി. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button