ഉഡുപ്പി: ഹിജാബ് ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധിക്കുകയും ഹൈക്കോടതയില്‍ ഹരജി നല്‍കുകയും ചെയ്ത ഉഡുപ്പിയിലെ സ്‌കൂളിലെ ആറ് പെണ്‍കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. കുട്ടികള്‍ പഠിക്കുന്ന ഗവണ്‍മെന്റ് പ്രീ യൂനിവാഴ്‌സിറ്റി കോളജിന്റെ ലഡ്ജറിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയാണ് വാട്‌സ്ആപ്പിലടക്കം ഫോര്‍വേഡ് ചെയ്യപ്പെടുന്നത് എന്നാണു റിപ്പോർട്ട്. പെൺകുട്ടികളുടെ മൊബൈൽ നമ്പർ, അഡ്രസ് തുടങ്ങിയ വിവരങ്ങൾ കോളേജ് അധികൃതർ തന്നെയാണ് പുറത്തുവിട്ടതെന്നാണ് ഉയരുന്ന ആരോപണം.
കോളജിലെ ലെഡ്ജര്‍ ചോര്‍ന്ന വിവരം ദി ക്വിന്റ് ആണ് റിപ്പോർട്ട് ചെയ്‍തത്. ആറ് പേരിലൊരാളായ അലിയ ആസാദി എന്ന പെണ്‍കുട്ടിയെ ഉദ്ധരിച്ച് ആണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ മുന്‍നിരയിലുളളയാളാണ് ആസാദി. ആറ് പെണ്‍കുട്ടികളുടെ അഡ്മിഷന്‍ ഫോമിന്റെ പിഡിഎഫ് കോപ്പി, കോളജ് ലഡ്ജര്‍ പേജുകള്‍, കുട്ടികളുടെ പേര്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, വിലാസം, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവയൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നാണു ആരോപണം. അഡ്മിഷന്‍ ഫോം കോളജിലല്ലാതെ മറ്റൊരിടത്തും കൊടുക്കേണ്ട കാര്യമില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. കോളേജിൽ നിന്നാണ് വിവരം ചോർന്നതെന്നാണ് പെൺകുട്ടികളും സംശയിക്കുന്നത്.
അതേസമയം, കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് കോളേജുകളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിട്ടു. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.
Post Your Comments