ഒട്ടാവ : കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ രാജ്യ തലസ്ഥാനമായ ഒട്ടാവയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുമ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. പ്രതിഷേധക്കാര്‍ നഗരം കയ്യേറിയതിനെത്തുടര്‍ന്ന് മേയര്‍ ജിം വാട്സണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫ്രീഡം കോണ്‍വോയ്’ എന്ന പേരില്‍ ജനുവരി ഒന്‍പതിനാണ് പ്രക്ഷോഭം തുടങ്ങിയത്. ഇന്ത്യയിലെ കര്‍ഷക സമരം പോലെ പ്രക്ഷോഭം കത്തിപ്പിടിച്ചപ്പോള്‍ താല്‍ക്കാലിക ടെന്റുകള്‍ സ്ഥാപിച്ചും എയര്‍ ഹോണുകള്‍ മുഴക്കിയും പടക്കം പൊട്ടിച്ചും പ്രതിഷേധക്കാര്‍ നഗരം സ്തംഭിപ്പിച്ചു. ജനജീവിതം തീര്‍ത്തും ദുസ്സഹമായി. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പുറത്തിറങ്ങരുതെന്നു പൊലീസിനു മുന്നറിയിപ്പു നല്‍കേണ്ടിവന്നു. കനേഡിയന്‍ പതാക തല കീഴായി ഉയര്‍ത്തിയാണ് പലയിടത്തും സമരക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
സമരക്കാരെ കൈകാര്യം ചെയ്യാനാവാതെ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കനത്ത മഞ്ഞിനെ അവഗണിച്ച് ഒത്തുകൂടുന്ന പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യത്തെ ഇറക്കുന്നതിനെക്കുറിച്ചും ഭരണകൂടം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഒട്ടാവയിലെ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി രാജ്യത്തെ പല നഗരങ്ങളിലും ട്രക്ക് ഡ്രൈവര്‍മാര്‍ രംഗത്തെത്തിയതോടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. യുഎസ് -കാനഡ ചരക്കു നീക്കം നിലച്ചത് പല കമ്പനികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട് ഓരോ ദിവസം കഴിയുന്തോറും പ്രക്ഷോഭം കനക്കുകയാണ്.
കാനഡയില്‍നിന്ന് യുഎസിലേക്ക് ചരക്കുലോറിയുമായി പോയി വരുന്ന ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന നിബന്ധനയാണ് പ്രതിഷേധങ്ങള്‍ക്കു കാരണം. വാക്സിനെടുക്കാത്തവര്‍ യുഎസില്‍നിന്ന് മടങ്ങിയെത്തിയാല്‍ ക്വാറന്റീനില്‍ പോകണമെന്നും മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു. ജനുവരി ആദ്യം പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ പ്രതിഷേധിച്ച് ഡ്രൈവര്‍മാര്‍ ട്രക്കുകളുമായി തലസ്ഥാനമായ ഓട്ടവയിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ലമെന്റ് ഹില്ലിനു സമീപം റോഡില്‍ ട്രക്കുകള്‍ നിരത്തിയിട്ട ശേഷം ടെന്റുകള്‍ സ്ഥാപിച്ച് സമരം തുടങ്ങി. ആയിരക്കണക്കിന് ട്രക്കുകളാണ് തലസ്ഥാന നഗരത്തില്‍ എത്തിയത്. കൂടുതല്‍ ട്രക്കുകള്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെയും തീവ്രനിലപാടുള്ള സര്‍ക്കാര്‍ വിരുദ്ധ സംഘടനകളുടെയും പിന്തുണയും ഇവര്‍ക്കുണ്ട്.
അതേസമയം, ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് കനേഡിയന്‍ പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുകയെന്നുമായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന. എന്നാല്‍ ട്രൂഡോയുടെ പ്രസ്താവനയില്‍ ഇന്ത്യ നീരസം അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments