KeralaLatest NewsNews

മീഡിയാ വണ്ണിന്റെ ഉടമസ്ഥരായ ജമാ അത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല: തോമസ് ഐസക്

അഭിഭാഷക പരിഷത്തിന്റെ നേതാവ് ന്യായാധിപനാകരുത് എന്നൊന്നും ആർക്കും നിലപാടില്ല.

തിരുവനന്തപുരം : രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം നിർത്തലാക്കിയ നടപടിയ്ക്ക് നേരെ വിമർശനം ഉയരുന്നുണ്ട്. മീഡിയാ വണ്ണിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും അതിന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിൽ നിന്ന് ലഭിച്ച സാധൂകരണവും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് ഭീഷണിയാണെന്നും മീഡിയാ വണ്ണിന്റെ ഉമടസ്ഥരായ ജമാ അത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ലായെന്നതുകൂടി കണക്കിലെടുക്കണമെന്നും തോമസ് ഐസക്. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

read also: ബംഗളൂരുവിലേക്കുള്ള ദേശീയപാത 958 ൽ രാത്രിയാത്രയ്ക്ക് കോടതി നിരോധനം ഏർപ്പെടുത്തി

പോസ്റ്റ് പൂർണ്ണ രൂപം

മീഡിയാ വണ്ണിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും അതിന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിൽ നിന്ന് ലഭിച്ച സാധൂകരണവും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് ഭീഷണിയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അത് പൗരനു നൽകുന്ന അവകാശങ്ങളുമാണ് കോടതിയെ നയിക്കേണ്ടത്.

ഭരണഘടനയും നിയമങ്ങളുമൊന്നുമല്ല വിധിയെഴുതിയ ജഡ്ജിയുടെ നീതിബോധത്തെ നയിക്കുന്നത്. ഋഗ്വേദകാലത്തിനും മുമ്പുള്ള അത്രിസംഹിതയാണത്രേ. നന്മയെ സംരക്ഷിക്കാൻ ദുഷ്ടനിഗ്രഹം നടത്തണമെന്നും നീതിപൂർണമായ നടപടികളിലൂടെ രാജ്യഭണ്ഡാരം നിറയ്ക്കണമെന്നും എല്ലാവരോടും നിഷ്പക്ഷത പുലർത്തണമെന്നും അങ്ങനെ രാജ്യത്തെ സംരക്ഷിക്കണമെന്നുമൊക്കെ വിധിപ്രസ്താവത്തിൽ കാണുന്നു.

ആദരണീയനായ ന്യായാധിപൻ സത്യസന്ധമായാണ് അത്രിസംഹിതയെ പിന്തുടരുന്നതെങ്കിൽ, നിഗ്രഹിക്കപ്പെടേണ്ട തിന്മ കേന്ദ്രസർക്കാരും അവരുടെ നടപടികളുമാണ്. ഒളിച്ചും പാത്തും നീതിനിർവഹണം നടത്തണമെന്ന് അത്രിസംഹിത ആഹ്വാനം ചെയ്യുന്നുമില്ല.

ചാനലിനെ വിലക്കാനുള്ള കാരണങ്ങൾ അവരുടെ മാനേജ്മെന്റിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും മറച്ചുവെയ്ക്കുകയാണ്. അതെന്തിനാണ് രഹസ്യമായി സൂക്ഷിക്കുന്നത്? ഗുരുതര സ്വഭാവമുള്ള കണ്ടെത്തലുകളുണ്ടത്രേ കേന്ദ്രസർക്കാരിന്റെ പക്കൽ. സീൽഡ് കവറിൽവച്ച് നൽകുന്ന രഹസ്യം ജഡ്ജി ബോധ്യപ്പെടുന്നത് ഭരണഘടന നൽകുന്ന മൗലിക പൗരാവകാശം നിഷേധിക്കുവാൻ അവസരമാക്കാൻ പാടില്ല. പ്രത്യേകിച്ച് നിരന്തരം പൗരാവകാശ ധ്വൗസനം നടന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ. മീഡിയാ വണ്ണിന്റെ ഉമടസ്ഥരായ ജമാ അത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ലായെന്നതുകൂടി കണക്കിലെടുക്കണം.

അഭിഭാഷക പരിഷത്തിന്റെ നേതാവ് ന്യായാധിപനാകരുത് എന്നൊന്നും ആർക്കും നിലപാടില്ല. പൂർവാശ്രമത്തിൽ അത്തരം അനുഭാവമൊക്കെ ഉണ്ടാകാം. അതൊന്നും ന്യായാധിപനാകാനുള്ള അയോഗ്യതയല്ല. എന്നാൽ, പൂർവാശ്രമത്തിലെ നിലപാടുകൾ വിധിയെഴുത്തിൽ പ്രതിഫലിക്കുന്നത് ഭൂഷണമല്ല. ഭൂതകാല രാഷ്ട്രീയ ബന്ധം ഇനിയും ഒഴിയാബാധയായി തുടരുന്നുണ്ടെങ്കിൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ജനാധിപത്യ മര്യാദ ന്യായാധിപൻ കാണിക്കണം.
മീഡിയാ വണ്ണിനെതിരെ ഉണ്ടായ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഉപാധികളില്ലാതെ പ്രതിഷേധിക്കാൻ നമുക്കാവണം. ഇത്തരം അടിച്ചമർത്തലുകൾക്ക് നാളെ ആരും ഇരയായേക്കാം. ആ മുന്നറിയിപ്പായിത്തന്നെ മീഡിയാ വൺ വിലക്കിനെ നാം കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button