മൂവാറ്റുപുഴ: അമ്മയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കുറ്റിയിൽ വീട്ടിൽ നാരായണന്റെ ഭാര്യ ശാന്തമ്മയാണ് (70) കൊല്ലപ്പെട്ടത്. മകൻ മനോജിനെ (46) പോലീസ് അറസ്റ്റ് ചെയ്തു.
അമ്മ അയൽവാസികളോട് തന്നെക്കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ച് മനോജ് അമ്മയുമായി തർക്കമുണ്ടായി. ശാന്തമ്മയുടെ തലപിടിച്ച് ഇയാൾ അടുക്കള ഭിത്തിയിൽ ഇടിച്ചു. അവശയായ ശാന്തമ്മ ഛർദിച്ച് വീണതോടെ മനോജ് ഇവരെ കട്ടിലിൽ കൊണ്ടുവന്ന് കിടത്തി. തുടർന്നും മർദിച്ചു. മുഖത്ത് ഇടിച്ചും കഴുത്തിൽ ഞെക്കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം.
തുടർന്ന് മനോജ് രക്തംപുരണ്ട വസ്ത്രങ്ങൾ മാറ്റുകയും പരിസരം കഴുകി വൃത്തിയാക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് അയൽക്കാരെ അറിയിച്ചു. അയൽവാസികൾ വന്ന് നോക്കിയപ്പോൾ ശാന്തമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇവരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് സംഭവം അന്വേഷിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ സി.ജെ. മാർട്ടിൻ, എം.കെ. സജീവൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ശാന്തമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
Post Your Comments