ദില്ലി: പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തി. ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിന് പിസ ശൃംഖലയായ ഡോമിനോസും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും മാപ്പ് പറഞ്ഞു. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന് കാര്‍ നിർമ്മാതാക്കളായ ഹ്യുണ്ടായ് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞുകൊണ്ട് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തിയത്. ഇന്ത്യന്‍ വിപണിയോട് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഡൊമിനോസ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
‘ഇന്ത്യന്‍ വിപണിയോട് ഡൊമിനോസ് ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. 25 വര്‍ഷത്തിലേറെയായി ഇന്ത്യ ഞങ്ങള്‍ക്ക് സ്വന്തം വീട് പോലെയാണ്. രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും ദേശീയതയുടെ ആത്മാവിനോടും ഞങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്’ കമ്പനി ട്വിറ്ററില്‍ കുറിച്ചു. ‘ഞങ്ങള്‍ ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാന്‍ നിലയുറപ്പിക്കുന്നു. ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാത്തിനെയും ബഹുമാനിക്കുന്നതായും ഡോമിനോസ് പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഹോണ്ടയും ട്വീറ്റ് ചെയ്തു. തങ്ങൾ വ്യവസായം നടത്തുന്ന എല്ലാ രാജ്യങ്ങളിലെയും നിയമങ്ങളും വികാരങ്ങളും ബഹുമാനിക്കാൻ ഹോണ്ട പ്രതിജ്ഞാബദ്ധരാണെന്നും, ഇന്ത്യക്കാർക്ക് എന്തെങ്കിലും വേദന ഉണ്ടായെങ്കിൽ ഖേദിക്കുന്നതായും ഹോണ്ട വ്യക്തമാക്കി.
Post Your Comments