പാലക്കാട് : മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നു. ആറ് എന്‍ഡിആര്‍എഫ് അംഗങ്ങളും വനം വകുപ്പ്, അഗ്‌നിരക്ഷാ സേന അംഗങ്ങളും വഴികാട്ടികളും ഉള്‍പ്പെടുന്ന സംഘം രാത്രി മലയുടെ മുകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ കയറും മറ്റു സാമഗ്രികളും അടക്കമാണ് ഇവര്‍ മല കയറിയത്. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവുമായി ആദിവാസികള്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘവും മലകയറിയിട്ടുണ്ട്. ഇവരും രാത്രി മലമുകളില്‍ തമ്പടിക്കും.
കയര്‍ കെട്ടി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സാധ്യതയാണ് എന്‍ഡിആര്‍എഫ് നോക്കുന്നത്. കയര്‍ ബലമായി ഉറപ്പിച്ചു കെട്ടാനോ വലിച്ചു പിടിക്കാനോ പറ്റിയ ഇടം മലമുകളില്‍ ഇല്ലാത്തതും ബാബു ഇരിക്കുന്ന അത്രയും താഴേക്ക് എത്തുന്ന നീളമുള്ള കയര്‍ ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അങ്ങനെ വന്നാല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ പര്‍വതാരോഹണത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള സൈനികരെ എത്തിക്കുന്നുണ്ട്.
അതേസമയം, മലയില്‍ കുടുങ്ങിയിട്ടു രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞിട്ടും ബാബുവിനു വെള്ളമോ ഭക്ഷണമോ എത്തിക്കാനായിട്ടില്ല. രാത്രിയിലെ തണുപ്പും പകല്‍ പാറയില്‍ നിന്നുള്ള ചൂടും മുഴുവന്‍ ഏറ്റത് ബാബുവിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. ഈ സാഹചര്യത്തില്‍ രാവിലെ രക്ഷാപ്രവര്‍ത്തകര്‍ ഏറ്റവും വേഗം ബാബുവിനടുത്തെത്തി പുറത്തെത്തിക്കാന്‍ ശ്രമിക്കും. എന്നാല്‍ ചെങ്കുത്തായ മലയില്‍ ഏതു മാര്‍ഗം സ്വീകരിച്ചാല്‍ വിജയിക്കാനാകുമെന്നു വ്യക്തതയില്ല.
Post Your Comments