ഷില്ലോംഗ് : മേഘാലയയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. കുറച്ചു എംഎൽഎമാർ നേരത്തെ തന്നെ പാർട്ടി വിട്ടു തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. പാർട്ടി വിടാനാണ് ബാക്കിയുളള കോൺഗ്രസ് എംഎൽഎമാരുടെയും തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രിയും, നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ കെൺറാഡ് സാംഗ്മയ്‌ക്ക് കത്ത് നൽകി. 60 അംഗ നിയമസഭയിൽ 17 കോൺഗ്രസ് എംഎൽഎമാരാണ് ഉണ്ടായിരുന്നത്.
നേതൃത്വവുമായുള്ള എതിർപ്പിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുൾപ്പെടെയുള്ള നേതാക്കളാണ് തൃണമൂലിൽ ചേർന്നത്. ബാക്കിയുള്ള അഞ്ച് എംഎൽഎമാരാണ് ഇപ്പോൾ കോൺഗ്രസ് വിടാൻ ഒരുങ്ങുന്നത്. ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലേറിയ മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ ചേരാനാണ് എംഎൽഎമാരുടെ തീരുമാനം.എംഎൽഎമാരായ എം എം അമ്പാരീൻ ലിംഗ്ദോ, മെയ്റൽബോൺ സയീം, മൊഹെന്ദ്രോ റാപ്സാംഗ്, കിംഫ മർബാനിയാംഗ്, പി ടി സോക്മി എന്നിവരാണ് മേഘാലയ ഡെമോക്രാറ്റിക് അലയൻസിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ഇവർ കൂടി പാർട്ടി വിടുന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് സംപൂജ്യരാകും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് എംഎൽഎമാർ കൊൺറാഡ് സാംഗ്മയ്‌ക്ക് നൽകിയിരിക്കുന്ന കത്തിൽ പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എംഎൽഎമാർ എംഡിഎ സർക്കാരിൽ ചേരാൻ ആഗ്രഹിക്കുന്നു. സർക്കാരിനെ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും പിന്തുണയ്‌ക്കാനാണ് തീരുമാനം. നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
Post Your Comments