കോഴിക്കോട്: മയക്കുമരുന്ന് വേട്ട കർശനമാക്കിയ അധികൃതർ പരിശോധനകളും അറസ്റ്റും വ്യാപകമായി ആരംഭിച്ചതോടെ പുതുവഴികൾ തേടി ലഹരിമാഫിയ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി താൽക്കാലികമായി നിർത്തി, പകരം ലഹരി മരുന്ന് നിർമ്മിക്കുന്ന രീതിയാണ് ഇപ്പോൾ ഇവർ അവലംബിക്കുന്നത്.
സുരക്ഷിതമായ സ്ഥലങ്ങളിൽ, ആവശ്യമായ തോതിൽ മയക്കുമരുന്ന് നിർമ്മിക്കുകയാണ് മാഫിയ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന പ്രവർത്തനരീതി. ‘ഡ്രഗ്സ് കിച്ചൺ’ എന്ന ഓമനപ്പേരിലാണ് ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്. ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎ യുവാക്കളുടെ ഇടയിൽ തരംഗമായതോടെ, വൻതോതിലാണ് മാഫിയ ഇത് വിപണിയിലിറക്കുന്നത്. പൊലീസിനും നാർക്കോട്ടിക് വിഭാഗത്തിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഗ്രാമിന് 4000 രൂപ വരെ വിലയുള്ള സിന്തറ്റിക് ലഹരിമരുന്ന് എംഡിഎംഎ നിർമ്മിക്കാനുള്ള വസ്തുക്കൾ പലതവണകളായി കേരളത്തിലെത്തും. പിന്നീട്, വിദഗ്ധരുടെ സഹായത്തോടെ കൃത്യമായ അളവിലും അനുപാതത്തിലും പാചകം ചെയ്തെടുക്കുകയാണ് മയക്കുമരുന്ന് ലോബിയുടെ പ്രവർത്തന രീതി. ഡ്രഗ്സ് കിച്ചണുകൾ എന്നറിയപ്പെടുന്ന നിർമ്മാണ കേന്ദ്രങ്ങളിൽ, രണ്ട് കിലോ വരെ എംഡിഎംഎ ഉത്പാദിപ്പിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്.
നേരത്തെ, ബംഗളുരു, ചെന്നൈ, മംഗളൂരു തുടങ്ങിയ വൻ നഗരങ്ങളിൽ നിന്നും വലിയതോതിലാണ് ഇവ കടത്തിക്കൊണ്ടു വന്നിരുന്നത്. ഇത് സമൂഹത്തിൽ വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കേരളത്തിൽ കൊച്ചി നഗരത്തിലെ വൻകിട നൈറ്റ് ക്ലബ്ബുകളിലും ഡിജെ പാർട്ടികളിലും എംഡിഎംഎ ഒരു നിത്യോപയോഗ വസ്തുവായി മാറിയതോടെയാണ് കേരള പോലീസ് പിടിമുറുക്കാൻ ആരംഭിച്ചത്. ഇതോടെയാണ് പുതിയ മാർഗങ്ങൾ കണ്ടെത്താൻ ലഹരിമരുന്ന് മാഫിയ നിർബന്ധിതരായത്.
Post Your Comments