കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കൊല്‍ക്കത്തയില്‍ ഒരു എയര്‍പോര്‍ട്ടുകൂടി പണിയാന്‍ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ബംഗാള്‍ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്ന് സിന്ധ്യ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ മറ്റൊരു വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി, നാളിതുവരെയായിട്ടും സ്ഥലം അനുവദിക്കാന്‍ മമതാ സര്‍ക്കാരിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലൂടെ മാത്രമേ ഒരു നാട്ടില്‍ വികസം കൊണ്ടു വരാന്‍ സാധിക്കൂവെന്ന് സിന്ധ്യ വ്യക്തമാക്കി. എന്നാല്‍, ഇവിടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണ നല്‍കിയിട്ടും അതിനോടെല്ലാം മുഖം തിരിക്കുകയാണ് മമതാ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ താൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് സിന്ധ്യ ചൂണ്ടിക്കാട്ടി.
ബംഗാളിന്റെ വികസനത്തിനായി വ്യോമയാന വകുപ്പിന് ധാരാളം പദ്ധതികളാണുള്ളത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയോ, ചര്‍ച്ചയ്‌ക്ക് തയ്യാറാകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു നാടിന്റെ വികസനത്തിനെതിരെ കണ്ണടയ്‌ക്കുകയാണ് മമതാ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിന്ധ്യ ആരോപിച്ചു.
Post Your Comments