പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പൊലീസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മധുവിന്‍റെ സഹോദരി രംഗത്തെത്തി. മർദ്ദനമേറ്റ മധുവുമായി ആശുപത്രിയിലേക്ക് തിരിച്ച പൊലീസ് ജീപ്പ് പറയന്‍കുന്ന് ഭാഗത്ത് നിർത്തിയിട്ടിരുന്നതായി സഹോദരി സരസു ആരോപിച്ചു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു.
Also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : രണ്ടു യുവാക്കൾ പിടിയിൽ
ആള്‍ക്കൂട്ട വിചാരണയും മർദ്ദനവും നേരിട്ട മധുവിനെ 2018 ഫെബുവരി 22 ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് പൊലീസ് എത്തി ജീപ്പില്‍ കയറ്റി അഗളി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മധുവിനെ കൊണ്ടുപോകുന്നതിനിടെ മുക്കാലിയില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ ദൂരമുള്ള പറയന്‍കുന്ന് പ്രദേശത്ത് പൊലീസ് ജീപ്പ് നിർത്തിയിട്ടിരുന്നു എന്നാണ് ഇപ്പോൾ മധുവിന്റെ സഹോദരി ആരോപിക്കുന്നത്. മരണത്തില്‍ പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കുടുംബം സിബിഐ അന്വേഷണത്തിൽ മാത്രമേ സത്യം വെളിപ്പെടുകയുള്ളു എന്നും വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷികളില്‍ മിക്കവരും പ്രതികളുമായി അടുപ്പമുള്ളവർ ആയതിനാൽ ഇവർ കോടതിയിൽ കൂറുമാറിയേക്കുമെന്നും കുടുംബം സംശയിക്കുന്നു. പ്രതികള്‍ ഇതിനായി സാക്ഷികളിൽ ഒരാൾക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും സഹോദരി ആരോപിക്കുന്നു.
കടയില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരും ചേർന്ന് ക്രൂരമായി മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡനം എന്നീ വകുപ്പുകള്‍ എല്ലാ പ്രതികൾക്ക് എതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വെച്ച് ആറ് പേരാണ് മർദ്ദനത്തിന് നേതൃത്വം നല്‍കിയത്. അവരിൽ ഒരാളായ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതോടെ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് മധുവിന്റെ നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിൽ എത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരചുവരിൽ ഇടിച്ച് പരിക്കേറ്റതായും കുറ്റപത്രം പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments