KeralaNattuvarthaLatest NewsNewsIndia

വാനമ്പാടി വിടപറയുമ്പോൾ: ലത മങ്കേഷ്‌കർ ഇന്ത്യൻ ജനതയെ പാട്ടു പഠിപ്പിച്ച ദൈവീക സത്യം

ഒരു മരണത്തിനും മായ്ക്കാൻ കഴിയാത്തവിധം ലതാജിയുടെ പാട്ടുകൾ ഇന്നും ഇന്ത്യൻ ജനതയുടെ ഹൃദയത്തിലുണ്ട്

ഇന്ത്യൻ ജനതയെ ചരിത്രാതീത കാലം മുതൽക്കേ പാടി വിസ്മയിപ്പിച്ച ഗായികയാണ് ലതാ മങ്കേഷ്‌കർ. സംഗീതം പോലെ ഒരിക്കലും നഷ്ടപ്പെടാത്ത ഒന്നിൽ അവർ ജീവിച്ചു തീർത്ത ദൈവീകമായ നിമിഷങ്ങളെ ഇന്ത്യൻ ജനത അവരുടെ ഹൃദയങ്ങളിൽ എന്നും കെടാതെ സൂക്ഷിക്കും. ലതാ മങ്കേഷ്‌കർ ഒരു വലിയ സത്യമായിരുന്നു, ഭൂമിയിൽ സംഗീതമുണ്ടെന്നും, അതിന് ഏത് മാനുഷിക വികാരങ്ങളെയും പ്രകടിപ്പിക്കാൻ കഴിയുമെന്നും നമ്മെ പഠിപ്പിച്ച സത്യം. രാജ്യത്തിന് ലതാ മങ്കേഷ്‌കർ എന്ന ഗായിക നൽകിയ സംഭാവനകൾ ഏറെയാണ്. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട ലതാജി 1942 മുതൽ ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമായിരുന്നു.

Also Read:അനധികൃതമായി തേൻ വിറ്റു: യുവാവിന് 3,000 ദിർഹം പിഴ

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ലതാ മങ്കേഷ്‌കർ. 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ലത ജനിച്ചത്. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ് പിന്നീട് ലതാ മങ്കേഷ്‌കറായി മാറിയത്. ഹേമ എന്ന പേരായിരുന്നു ലതയ്ക്ക് വേണ്ടി വീട്ടുകാർ കണ്ടെത്തിയത്. എന്നാൽ പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , ലത എന്നാക്കിമാറ്റുകയായിരുന്നു.

പിതാവിൽനിന്നാണ്‌ ലത മങ്കേഷ്‌കർ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ നുകർന്നത്, തന്റെ അഞ്ചാമത്തെ വയസ്സിൽ തന്നെ പിതാവിന്റെ സംഗീതനാടകങ്ങളിൽ ലത അഭിനയിക്കാൻ തുടങ്ങി. ജീവിതം ഭംഗിയായി മുന്നോട്ട് പോകുമ്പോഴാണ് ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിയ്ക്കുന്നത്. അതോടെ ദാരിദ്ര്യത്തിലേക്ക് വഴുതി വീണ കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളരുകയായിരുന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ലതാജി ആദ്യമായി ആലപിച്ചത്. എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു.

തുടർന്ന് അതേ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ലതാ മങ്കേഷ്‌കർ ആലപിച്ചിട്ടുണ്ട്. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്.

സംഗീതം എത്രത്തോളം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണോ അത്രയും തന്നെ പ്രധാനപ്പെട്ട നാമമായി ലതാ മങ്കേഷ്‌കർ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ വളർന്നിട്ടുണ്ട്. ഒരു മരണത്തിനും മായ്ക്കാൻ കഴിയാത്തവിധം ലതാജിയുടെ പാട്ടുകൾ ഇന്നും ഇന്ത്യൻ ജനതയുടെ ഹൃദയത്തിലുണ്ട്. ഭൂമിയുടെ ഏതൊരു കോണിലിരുന്നു കേൾക്കുമ്പോഴും ഓർമ്മകളുടെ മഞ്ഞുകാലം പോലെ അത് കാലങ്ങളോളം സഞ്ചരിച്ചുകൊണ്ടേയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button