കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയിൽ. ഇയാളെ വനിതാ എസ്‌ഐ തന്നെയാണ് ജീപ്പിൽ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മാവൂർ റോഡിൽ വെള്ളിപ്പറമ്പ് ആറാം മൈലിനു സമീപം കേസിന് ആസ്പദമായ സംഭവം നടന്നത്.
Also read: മുംബൈ സ്‌ഫോടനക്കേസ് പ്രതി അബൂബക്കറിനെ യുഎഇയിലെത്തി പിടികൂടി ഇന്ത്യ
വാഹന പരിശോധനയ്ക്കായി റോഡരികിൽ കാത്തു നിന്ന വനിതാ എസ്ഐയെ ഷെറിൽ കടന്നു പിടിക്കുകയായിരുന്നു. റോഡരികിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്ഐയുടെ സമീപത്ത് എത്തി അവരെ കടന്നു പിടിച്ചു. തുടർന്ന് അയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതാ എസ്ഐ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിന് അപ്പുറത്ത് വെച്ച് ഷെറിലിനെ പിടികൂടി.
ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് എസ്‌ഐ ഷെറിലിനെ പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ സിഐ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഷെറിൽ നേരത്തെ അബ്കാരി കേസില്‍ പ്രതി ആയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയുടെ മുൻപാകെ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്തു.
Post Your Comments