ന്യൂഡൽഹി: സ്വയം അണുവിമുക്തമാകുന്ന ആൻറി-വൈറൽ ഫേസ്മാസ്ക് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞരുടെ ഒരു സംഘം സ്വയം അണുവിമുക്തമാകുന്ന കോപ്പർ അധിഷ്ഠിത നാനോ കണങ്ങൾ പൂശിയ, ആന്റി-വൈറൽ ഫേസ്മാസ്ക് വികസിപ്പിച്ചെടുത്തത്.
പുതിയതായി വികസിപ്പിച്ചെടുത്ത മാസ്ക് ബയോഡീഗ്രേഡബിളാണ്. കഴുകി ഉപയോഗിക്കാൻ കഴിയുന്ന ഈ ആന്റി-വൈറൽ ഫേസ്മാസ്ക്കിന് കോവിഡ്-19 നെ കൂടാതെ മറ്റ് വൈറസുകളെയും ബാക്റ്റീരിയ അണുബാധകളെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മാസ്ക് ധരിക്കുന്നതിലൂടെ ഒരു പരിധി വരെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ, ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഈ പുതിയ കണ്ടുപിടിത്തം കോവിഡ് പ്രതിരോധത്തിന് വളരെയേറെ സഹായകമാകും.
ഇന്ത്യൻ മാർക്കറ്റിൽ ഇന്ന് കോവിഡിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത മാസ്ക്കുകൾ വളരെ വലിയ തോതിൽ വിറ്റുപോകുന്നുണ്ട്. ഇത്തരത്തിലുള്ള മാസ്ക്കുകൾ ധരിച്ച് ആശുപത്രി, വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ എത്തിയാൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്വയം അണുവിമുക്തമാകുന്ന പുതിയ ഫേസ്മാസ്ക് ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.
സെന്റർ ഫോർ സെല്ലുലാർ & മോളിക്യുലാർ ബയോളജി (സിഎസ്ഐആർ-സിസിഎംബി), റെസിൽ കെമിക്കൽസ് എന്നിവയുടെ സഹകരണത്തോടെ, ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റലർജി ആൻഡ് ന്യൂ മെറ്റീരിയലിലെ (എആർസിഐ) ശാസ്ത്രജ്ഞരാണ് ആൻറി-വൈറൽ ഫേസ്മാസ്ക് വികസിപ്പിച്ചെടുത്തത്.
Post Your Comments