ബെംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല. സംഭവത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹർജിയിന്മേല്‍ കോടതി തീരുമാനമാകുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് തന്നെ തുടരും.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തികള്‍ക്ക് സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രഗ്യ സിംഗ് ഠാക്കൂര്‍ എന്നിവരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട്, ഇവര്‍ക്ക് കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരിച്ചത്. ‘ബേഠി ബചാവൊ ബേഠി പഠാവൊ’ എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം പൊള്ളയാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്.
Read Also: പശുവിനെ കശാപ്പ് ചെയ്ത് ബിജെപി പതാകയിൽ കിടത്തി: ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാക്കൾ പിടിയിൽ
എന്നാൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള യൂണിഫോം നിബന്ധന തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു യോഗം ചേര്‍ന്നത്. വിഷയത്തില്‍ ഹൈക്കോടതി വിധി വന്നതിന് ശേഷമായിരിക്കും പി.യു കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിക്കുക.
നേരത്തെ സംസ്ഥാനത്തെ പി.യു കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കാന്‍ പ്രീ യൂണിവേഴ്സിറ്റി വകുപ്പ് നടപടികളാരംഭിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പി.യു കോളേജുകളിലും യൂണിഫോം സിസ്റ്റം നടപ്പാക്കുന്നത് സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു സമിതിയേയും നിയോഗിച്ചിരുന്നു.
Post Your Comments