കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊലപാതക ശ്രമം. സംഭവത്തിൽ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും മകനെയും പൊലീസ് പിടികൂടി. ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, ഇവരുടെ മകൻ സാവിയോ ബാബു എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പുകുത്തി ജീവിക്കുന്ന ജോയിയെയാണ് കൊല്ലാൻ ശ്രമിച്ചത്.
ബേസ് ബോൾ ബാറ്റ് വെച്ച് അടിച്ചു വീഴ്ത്തുകയും ഓടാൻ ശ്രമിച്ച ജോയിയെ വാക്കത്തി വെച്ച് തലയ്ക്കും മറ്റും വെട്ടുകയും ചെയ്തു. കൈ കൊണ്ട് തടുത്തതിനെ തുടർന്ന് കൈക്കും മറ്റും ഗുരുതരമായ പരിക്കേറ്റ ജോയിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നാലു മാസങ്ങൾക്ക് മുൻപ് ജോയിയും സോളി ബാബുവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സോളി ബാബു സൗത്ത് ഗേൾസ് ഹൈസ്കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഈ പ്രവർത്തനങ്ങളെ ജോയി എതിർത്തതിന്റെ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു പിന്നിൽ. ഇതേത്തുടർന്നുള്ള സംഘർഷത്തിൽ ജോയിയുടെ അടി കൊണ്ട് സോളി ബാബുവിന്റെ കൈയൊടിയുകയും ചെയ്തു. സംഭവത്തിൽ ജോയിയെയും കൂട്ട് പ്രതിയായ പല്ലൻ ബാബുവിനെയും റിമാൻഡ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ ജോയ് സോളി ബാബുവിനെ സ്കൂളിന്റെ പരിസരമായ ഭാഗത്തു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിച്ചില്ല. ഇതിനു പിന്നാലെ ഇയാളെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Post Your Comments