തിരുവനന്തപുരം: കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് എസ്എഫ്ഐ ദേശീയ കമ്മിറ്റി. ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് കോളേജിൽ വിലക്കേർപ്പെടുത്താനുള്ള നീക്കം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് എസ്എഫ്ഐ വാർത്താകുറിപ്പിൽ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയുള്ള സർക്കാർ മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
തലമറച്ചതിന്റെ പേരിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ച കോളേജ് അധികൃതരുടെ നടപടി ക്രൂരമാണെന്നും ഒന്നുകിൽ വിദ്യാഭ്യാസം അല്ലെങ്കിൽ മതാനുഷ്ഠാനമെന്ന നിലയ്ക്ക് കുട്ടികളെ നിർബന്ധിക്കുന്നത് അപലപനീയമാണെന്നും നേതാക്കൾ പറഞ്ഞു. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതരത്വത്തിനുനേരെയുള്ള ധാർഷ്ട്യം നിറഞ്ഞ ആക്രമണമാണെന്നും ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളോടും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്നും വാർത്താകുറിപ്പിൽ പറയുന്നു.
സർക്കാർ നിലപാട് സ്ത്രീവിരുദ്ധവും വിദ്യാർത്ഥിവിരുദ്ധവുമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മതാനുഷ്ഠാനങ്ങൾക്കായുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന എല്ലാ മുസ്ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണമെന്നും എസ്എഫ്ഐ ദേശീയ നേതാക്കൾ ആവശ്യപ്പെട്ടു.
Post Your Comments