ദില്ലി: കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ ഒറ്റയ്ക്കാണെങ്കിൽ മാസ്ക് ധരിക്കേണ്ടെന്ന് ദില്ലി സർക്കാർ. രാജ്യതലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ദില്ലി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ഈ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദില്ലി സർക്കാർ പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് തീരുമാനം.
കാറില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ആള്‍ക്ക് മാസ്ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും, കാറില്‍ അമ്മയ്‌ക്കൊപ്പം ഇരുന്ന് കാപ്പി കുടിക്കുന്നതിനായി മാസ്ക് താഴ്ത്തിയ ആള്‍ക്ക് പിഴയിട്ടതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൂടേയെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. നേരത്തെ രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സർക്കാർ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.
സ്കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകി. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിക്കും. വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിക്കില്ല. ജിമ്മുകൾക്കും കർശന നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്.
Post Your Comments