ബംഗളൂരു: കർണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുൽ ഗാന്ധിയോട് മറുചോദ്യവുമായി ബിജെപി. രാജ്യത്തിന്റെ ഭാവിയ്‌ക്ക് രാഹുൽ ഗാന്ധി അപകടകാരിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കർണാടക ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസ് വിദ്യാഭ്യാസത്തെ വിർഗ്ഗീയവത്കരിക്കുകയാണ്. വിദ്യാഭ്യാസത്തിൽ ഹിജാബ് അനിവാര്യ ഘടകമാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെയെന്ന് ബിജെപി ചോദിച്ചു.
‘കമ്യൂണൽ കോൺഗ്രസ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് വിഷയത്തിൽ ബിജെപി പ്രതികരിച്ചിരിക്കുന്നത്. സരസ്വതി പൂജയുടെ ദിവസം ഓർമ്മിപ്പിച്ചാണ് വിഷയത്തെ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചത്. എന്നാൽ രാഹുലിന്റെ പ്രസ്താവന കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. സരസ്വതി ദേവി എല്ലാവർക്കും അറിവ് നൽകുകയാണെന്നും ആരോടും യാതൊരു വേർതിരിവും കാണിക്കുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചത്. വിദ്യാർത്ഥിനികൾ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ടെങ്കിൽ അതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചിഹ്നങ്ങൾക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നുമായിരുന്നു വിഷയത്തിൽ ബിജെപിയുടെ നിലപാട്. സ്‌കൂളുകളിൽ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി പറഞ്ഞിരുന്നു.ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.
കഴിഞ്ഞ മാസമാണ് വിദ്യാർത്ഥികൾ പതിവിന് വിപരീതമായി ക്യാമ്പസിൽ ഹിജാബ് ധരിച്ച് എത്തിയത്. തുടർന്ന് ഇവരെ അദ്ധ്യാപകർ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കോളേജിൽ ഹിജാബും മതത്തെ പ്രതിനിധീകരിക്കുന്ന മറ്റ് അടയാളങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ മനഃപൂർവ്വം ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തിയത്.
Post Your Comments