KeralaLatest NewsNews

‘ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാകുമല്ലോ’: മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ട അനുഭവം പങ്കുവെച്ച്‌ അഷ്റഫ്

സ്നേഹത്തോടെ തന്ന കേക്കിന്‍ കഷ്ണത്തിന് എന്‍റെ വിശപ്പിനെ തെല്ലൊന്ന് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു

ദുബായ് : ‘ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാകുമല്ലോ’ എന്ന് കളിയായി തന്നോടൊരിക്കല്‍ പറഞ്ഞ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് യു.എ.യിലെ പ്രമുഖ സന്നദ്ധപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. ഷാര്‍ജ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കുറിച്ചാണ് അഷ്‌റഫിന്റെ പോസ്റ്റ്. നാട്ടിലേക്ക് മൃതദേഹങ്ങള്‍ അയക്കാനുള്ള രേഖകള്‍ ശരിയാക്കാന്‍ പോകുമ്ബോള്‍ പല തവണ അഷ്റഫ് കണ്ടിട്ടുള്ളതാണ് ഈ സെക്യൂരിറ്റി.കഴിഞ്ഞ ദിവസം ഈ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടി വന്ന അനുഭവമാണ് അഷ്റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത്.

ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള പോലീസ് എയ്ഡ് പോസ്റ്റിലെ സെക്യൂരിറ്റിക്കാരനായ കാസര്‍കോട് മധൂര്‍ കൂടല്‍ ആര്‍ഡി നഗര്‍ ഗുവത്തടുക്ക ഹൗസിലെ എംകെ ചന്ദ്രന്റേയും സാവിത്രിയുടേയും മകന്‍ സച്ചിന്‍ എംസി(24)യാണ് മരണപ്പെട്ട ആ സുഹൃത്ത്.

read also: വഴിവിളക്ക് സ്ഥാപിക്കാന്‍ സാബു എം ജേക്കബിന്റെ പണപ്പിരിവ്: നടപടി ആവശ്യപ്പെട്ട് കെഎസ്ഇബി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇന്ന് അഞ്ച് മലയാളികളുടെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരു സുഹൃത്തിന്‍റെ മരണം നിറകണ്ണുകളോടെയല്ലാതെ വിവരിക്കാന്‍ കഴിയില്ല. ഷാര്‍ജയില്‍ നിന്നും മൃതദേഹങ്ങള്‍ അയക്കുമ്ബോള്‍ വിമാനത്താവളത്തിലുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും രേഖകള്‍ സീല്‍ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്.

ഇതിനായി ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഞാന്‍ അവിടെ കയറി ഇറങ്ങാറുണ്ട്‌. ഇതിനിടയില്‍ കണ്ടുമുട്ടാറുള്ള മലയാളിയായ ഒരു സെക്യുരിറ്റിക്കാരന്‍ എന്നോട് സൗഹൃദം കാണിച്ച്‌ പലപ്പോഴും നമ്ബര്‍ ചോദിക്കാറുണ്ട്. തിരക്കിനിടയില്‍ നമ്ബര്‍ നല്‍കാന്‍ മറന്ന് പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു പട്ടാമ്ബിക്കാരന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അവിടെ പോയി തിരക്കില്‍ ഇറങ്ങി വരികയായിരുന്നു ഞാന്‍. അപ്പോഴും ഈ സുഹൃത്ത് മുന്നില്‍ വന്നു പെട്ടു. കയ്യില്‍ ഒരു കേക്കിന്‍റെ കഷ്ണവും കരുതിയിട്ടുണ്ട്. അത് തന്ന ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു. ‘ഇക്കയുടെ നമ്ബര്‍ ഞാന്‍ വേറെ ആളില്‍ നിന്നും സംഘടിപ്പിച്ചു. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാമല്ലോ എന്ന് കരുതിയാണ്. ഞാനൊക്കെ മരിച്ചാല്‍ കൊണ്ട് പോകാന്‍ ഇക്ക ഉണ്ടാകുമല്ലോ’. ഞാന്‍ ആ കേക്ക് തിന്നുന്ന സമയത്തിനുള്ളില്‍ അദ്ദേഹം ഇത്രയും പറഞ്ഞു വെച്ചു. ‘ഒഴിവ് ദിനങ്ങളായ ശനിയും ഞായറും അല്ലാത്ത ദിവസം മരിച്ചാല്‍ മതി ‘. എന്ന് ഞാന്‍ തമാശയായി മറുപടിയും പറഞ്ഞു. അതുകേട്ട് ഞങ്ങള്‍ പരസ്പരം ചിരിച്ച്‌ കൈ കൊടുത്താണ് പിരിഞ്ഞത്.

ഓട്ടപ്പാച്ചിലിനിടയില്‍ ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാല്‍ അദ്ദേഹം സ്നേഹത്തോടെ തന്ന കേക്കിന്‍ കഷ്ണത്തിന് എന്‍റെ വിശപ്പിനെ തെല്ലൊന്ന് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ദിനംപ്രതി നിരവധി പേര്‍ മരിച്ച വിവരം പറഞ്ഞു എന്നെ വിളിക്കാറുണ്ട്. ഇന്നലെ വന്ന വിളി കേട്ട് പതിവില്ലാതെ ഞാനൊന്ന് ഞെട്ടിപ്പോയി.

വിമാനത്താവളത്തിലെ സെക്യുരിറ്റി ജീവനക്കാരനായ ആ പ്രിയ സുഹൃത്തിന്‍റെ മരണ വാര്‍ത്തയുമായിട്ടായിരുന്നു ആ ഫോണ്‍ കോള്‍. മനസ്സ് വല്ലാതെ നൊമ്ബരപ്പെട്ടു. ഇത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. എപ്പോഴാണ് അവസാന ശ്വാസം മുകളിലെക്കെടുത്ത് പുറത്തേക്ക് വിടാന്‍ കഴിയാതെ നിശ്ചലമായി പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. വിടപറഞ്ഞ പ്രിയ സുഹൃത്തിന് നിത്യശാന്തി നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button