ഇടുക്കി : 5 മാസമായി നട്ട് പരിപാലിച്ച 300 മൂടു പയര്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി കർഷകന്റെ പരാതി. ഇടുക്കി മുണ്ടിയെരുമ ബാലഗ്രാം റോഡില്‍ പാട്ടത്തിന് കൃഷിയിറക്കിയ മേന്തുരുത്തിയില് ജോസഫ് കുര്യന്റെ (ബെന്നി ) പയര്‍ കൃഷിയാണ് ബുധനാഴ്ച രാത്രി സാമൂഹികവിരുദ്ധര്‍
വെട്ടിനശിപ്പിച്ചത്.
ചുവട് ഭാഗം മുറിച്ചുമാറ്റുകയാണ് സാമൂഹ്യവിരുദ്ധര്‍ ചെയ്തത്. 3 മാസം മുന്‍പ് ബെന്നിയുടെ സുഹൃത്ത് ബാബുവാണ് പയര്‍വിത്ത് സൗജന്യമായി നല്‍കിയത്.ദിനംപ്രതി 10 കിലോ വീതം വിളവെടുപ്പ് തുടങ്ങിയിരുന്നു. കിലോയ്ക്ക് 70 രൂപ വച്ച് ആഴ്ചയില്‍ ശരാശരി 5,000 രൂപ വരുമാനവും ലഭിച്ച് തുടങ്ങിയിരുന്നു.
ബുധനാഴ്ച പയറിന് വെള്ളം ഒഴിച്ച ശേഷമാണ് ബെന്നി വീട്ടിലേക്ക് പോയത്. ഇന്നലെ രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോള്‍ ഇലകള്‍ വാടിയതായി കണ്ടത്. തുടർന്ന് ചുവടു നോക്കിയപ്പോളാണ് മുറിച്ചുമാറ്റിയതായി കണ്ടത്. 50,000 രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ബെന്നി പറയുന്നു. സംഭവത്തിൽ ബെന്നി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments