2020 ഫെബ്രുവരി 2 ന് ബംഗളൂരുവിലെ കെആർ പുരത്തെ രാമമൂർത്തിനഗർ ഉണർന്നത് ഒരു കൊലപാതക വാർത്ത കേട്ടാണ്. അന്നൊരു ഞായറാഴ്ച ആയിരുന്നു. രാമമൂർത്തിനഗറിൽ താമസിക്കുന്ന 54 കാരിയായ നിർമ്മല ചന്ദ്രശേഖർ കുത്തേറ്റു മരിച്ചു എന്നായിരുന്നു വാർത്ത. നാട്ടുകാരായിരുന്നു വിവരം പോലീസിനെ അറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും നിർമ്മല മരണപ്പെട്ടിരുന്നു. സമീപത്തത് ഗുരുതരമായ പരിക്കേറ്റ നിലയിൽ ഇവരുടെ 31 കാരനായ മകൻ ചോരയിൽ കുളിച്ച് കിടക്കുകയാണ്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഹരീഷിനെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
Also Red:ബീജിംഗ് ഒളിമ്പിക്സ് : ദീപശിഖയേന്തിയത് ഗാൽവാനിൽ ഇന്ത്യൻ സൈനികർ തലയടിച്ച് പൊട്ടിച്ച കമാൻഡർ
33 കാരിയായ തന്റെ സഹോദരി അമൃതയാണ് കൊലയാളിയെന്ന് ഹരീഷ് പൊലീസിന് മൊഴി നൽകി. ജോലിക്കായി ഹൈദരാബാദിലേക്ക് മാറുകയാണെന്ന് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയ അമൃത വീട്ടിലറിയിച്ചിരുന്നു. ഇതിനായി ഹൈദരാബാദിലേക്ക് പോകേണ്ട ദിവസമായിരുന്നു കൊലപാതകം നടന്നത്. ഫെബ്രുവരി 2 ന് പുലർച്ചെ യാതൊരു പ്രകോപനവുമില്ലാതെ അമൃത തന്നെ കത്തികൊണ്ട് കുത്താൻ വരികയായിരുന്നു എന്നാണ് ഹരീഷ് പോലീസിനോട് പറഞ്ഞത്.
അന്നേദിവസം ഉറക്കത്തിനിടെ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ ഹരീഷ് കണ്ടത് ഹൈദരാബാദിലേക്ക് പോകാനായി ഡ്രസ് അടക്കമുള്ള ബാഗ് പാക്ക് ചെയ്യുന്ന അമൃതയെ ആയിരുന്നു. എന്നാൽ, അവളുടെ മുഖത്ത് അന്നേവരെ കണ്ടിട്ടില്ലാത്ത ഭാവമായിരുന്നുവെന്ന് ഹരീഷ് ഓർക്കുന്നു. ഇതിനിടെ അമൃത കൈയ്യിൽ കരുതിയ കത്തിയുമായി ഹരീഷിനടുത്തേക്ക് പാഞ്ഞെത്തി. സഹായത്തിനായി അമ്മയെ വിളിച്ചെങ്കിലും ആരും വന്നില്ല. അമ്മയെ ആദ്യം തീർത്തു എന്നായിരുന്നു അമൃത പറഞ്ഞത്. ഇതോടെ ഹരീഷ് ഞെട്ടി. തന്നെ കൊല്ലരുതെന്ന് പറഞ്ഞ് ഹരീഷ് കേണു. ഇതിനിടെ അമൃത കയ്യിൽ കരുതിയ കത്തികൊണ്ട് ആഞ്ഞു കുത്തി. ശേഷം വീട്ടിൽ നിന്നും ഇറങ്ങിയോടി.
എന്തിന് ഈ കടുംകൈ ചെയ്തുവെന്ന് ചോദിച്ചപ്പോൾ തനിക്ക് 15 ലക്ഷം രൂപ കടമുണ്ടെന്നും കുടുംബത്തിന്റെ പേര് കളഞ്ഞ് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നുമായിരുന്നു അമൃത പറഞ്ഞത്. അമൃത ഇറങ്ങിപ്പോയ ശേഷം ഹരീഷ് തന്റെ ഒരു ബന്ധുവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
ഹരീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെയും ഫോൺ രേഖകളിലൂടെയും അമൃത ശ്രീധർ റാവു എന്നയാളുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. കൊലപാതകത്തിന് ശേഷം അമൃതയെ കൂട്ടിക്കൊണ്ടു പോയത് ശ്രീധർ ആണെന്ന് പോലീസ് കണ്ടെത്തി. ഇരുവരും ഏതാനും മണിക്കൂറുകൾക്ക് ശേഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലേക്ക് വിമാനം കയറി. ശ്രീധറിന്റെ ഫോൺ ട്രാക്ക് ചെയ്ത്, കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. അമൃത ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
താൻ കടുത്ത കടത്തിലാണെന്നും വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവർ പറഞ്ഞു. വീട്ടുകാരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അമൃതയുടെ പദ്ധതി. കൊലപാതകത്തിൽ ശ്രീധറിന് പങ്കൊന്നുമില്ലെന്ന് കണ്ട് ഇയാളെ 2020 മാർച്ചിൽ ജാമ്യത്തിൽ വിട്ടയച്ചു. അമ്മയെ കൊലപ്പെടുത്തിയ അമൃത അവളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അനുഭവിക്കാൻ ഇപ്പോഴും ജയിലിലാണ്.
Post Your Comments