കുണ്ടറ: മുളവനയിൽ രണ്ടുകടകൾ കത്തിനശിച്ചു. മുളവന സ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാർബർഷോപ്പ്, നാടൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കട എന്നിവയാണ് കത്തിനശിച്ചത്.
കഴിഞ്ഞദിവസം അർധരാത്രിയിലാണ് സംഭവം. അതുവഴി വന്ന യുവാക്കളാണ് കുണ്ടറ പൊലീസിനെയും അഗ്നിരക്ഷാസേന വിഭാഗത്തെയും സംഭവം അറിയിച്ചത്. തുടർന്ന് പൊലീസും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
തീ പടരും മുമ്പേ യുവാക്കളുടെ ശ്രമഫലമായി അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീയണച്ചതിനാൽ സമീപത്തുള്ള മറ്റ് കടകൾക്കും കെട്ടിടങ്ങൾക്കും തീപിടിത്തത്തിൽ നിന്ന് രക്ഷപെടാനായി. അതേസമയം അഗ്നിബാധമൂലം ഏഴ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
മുളവനയിലെ ശ്രീശൈലത്ത് ശ്രീധരന്റേതാണ് ബാർബർഷാപ്പ്. പേരയം കൊച്ചുതുണ്ടിൽ ശ്രീധരൻപിള്ള എന്നയാളാണ് നാടൻ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന കടയുടെ ഉടമസ്ഥൻ.
സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് പി സി വിഷ്ണുനാഥ് എം എൽ എ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ബാബു രാജൻ, യുഡിഎഫ് ചെയർമാൻ കുരീപ്പള്ളി സലീം, പഞ്ചായത്ത് മെമ്പർ റെയ്ച്ചൽ ജോൺസൺ, മണ്ഡലം പ്രസിഡന്റ് മോഹനൻ, കുണ്ടറ സുബ്രഹ്മണ്യം, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Post Your Comments