കാബൂൾ: പാർക്കുകളിലേക്കും മാളുകളിലേക്കും പോകുമ്പോൾ തോക്കുകൾ കൊണ്ടുപോകണ്ടാന്ന് അനുയായികൾക്ക് നിർദേശം നൽകി താലിബാൻ. പലപ്പോഴും ആയുധങ്ങളുമായി എത്തുന്ന അവരെ ജനങ്ങൾ ഭീതിയോടെയാണ് നോക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് താലിബാൻ പുതിയ നിർദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതായാലൂം ഇനിമുതൽ തോക്കും പിടിച്ചുകൊണ്ടുള്ള അനുയായികളുടെ ഷോ ഓഫ് പരിപാടി മാളുകളിലും പാർക്കിലും ഒന്നും നടക്കില്ലെന്ന് സാരം.
ജനങ്ങളെ പീഡിപ്പിക്കരുത് എന്നാണു താലിബാൻ അണികളോട് പറയുന്നത്. ഇതുകൂടാതെ, സൈനിക യൂണിഫോമിലും വാഹനങ്ങളിലും പൊതുവിടങ്ങളിൽ പ്രവേശിക്കുന്നതിലും വിലക്കുണ്ട്. ലോകത്തിന് തങ്ങളെ കുറിച്ചുളള കാഴ്ചപ്പാട് മാറ്റി എടുക്കാനും, ‘ഞങ്ങൾ പാവങ്ങളാണേ’ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാനുമുള്ള തന്ത്രപ്പാടിലാണ് താലിബാൻ. ഇതിന്റെ ആദ്യഘട്ടമാണ് പുതിയ നിർദേശങ്ങളും നിബന്ധനകളും. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ ആയുധങ്ങളൊന്നും ഇല്ലാതെ, അവർ ധരിക്കുന്ന വസ്ത്രം ധരിച്ച് അവരെ പോലെ പെരുമാറുക എന്നാണു അനുയായികൾക്ക് ലഭിച്ചിരിക്കുന്ന ആദ്യ നിർദേശം.
‘ഇസ്‌ലാമിക് എമിറേറ്റിലെ മുജാഹിദീൻ ആയുധങ്ങളുമായി അമ്യൂസ്‌മെന്റ് പാർക്കുകളുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നതും സൈനിക യൂണിഫോമിൽ പ്രവേശിക്കുന്നതും വാഹനങ്ങളിൽ പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു’, അഫ്ഗാനിസ്ഥാന്റെ മാധ്യമ, സാംസ്കാരിക ഡെപ്യൂട്ടി മന്ത്രി സബിഹുള്ള മുജാഹിദ് പറഞ്ഞു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ മുജാഹിദുകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളമുള്ള വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും ആയുധമേന്തിയ താലിബാൻകാരുടെ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പരക്കെ പ്രചരിച്ചിരുന്നു. വിനോദത്തിനായുള്ള സ്ഥലങ്ങളിൽ കാക്കി ധരിച്ച് കൈയിൽ ആയുധവുമായി കറങ്ങി നടക്കുന്ന താലിബാനികളെ കണ്ടാൽ ജനങ്ങൾ ഭയക്കുമെന്നും അത്തരം ആയുധങ്ങളുമായി പൊതുഇടത്തിലേക്ക് ഇറങ്ങുന്നതിലെ ഭീകരത ഇവർക്ക് മനസിലാകില്ലെന്നുമുള്ള വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പുതിയ നടപടി.
Post Your Comments