തിരുവനന്തപുരം : കേരളം വീണ്ടും വീണ്ടും ആവശ്യപ്പെട്ട സില്‍വര്‍ലൈനിനെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പൂര്‍ണമായും ഒഴിവാക്കിയതോടെ ഇനി അത് യാഥാര്‍ത്ഥ്യമാകുമോ എന്ന് കണ്ടറിയണം. സില്‍വര്‍ലൈനിന്റെ നടത്തിപ്പ് ഏജന്‍സിയായ കെ-റെയില്‍ സമര്‍പ്പിച്ച പദ്ധതിരേഖ ഒട്ടും വിശ്വസനീയമല്ല എന്നതാണ് ബജറ്റില്‍ നിന്ന് ഒഴിവാക്കപ്പെടാനുണ്ടായ പ്രധാന കാരണം. ചെറിയ തിരുത്തലുകളല്ല, വന്‍ മാറ്റങ്ങള്‍ തന്നെ പദ്ധതിയില്‍ വരുത്തിയാലേ ഇനി സില്‍വര്‍ ലൈനിന് മുന്നോട്ടു പോകാനാകൂ എന്നാണ് ഇന്ത്യന്‍ റെയില്‍വേയുടേയും നിരീക്ഷണം.
Read Also : യുഎഇ മാനവവിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
പക്ഷേ കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കാസര്‍കോട്-തിരുവനന്തപുരം സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേയ്ക്ക് സാങ്കേതികമായുള്ള തടസ്സങ്ങളാണ് പ്രശ്‌നമായിരിക്കുന്നത്. സില്‍വര്‍ലൈന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നതു പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ വേണോ അതോ ബ്രോഡ്‌ഗേജില്‍ വേണോ എന്നതാണ് ഒരു പ്രധാന തര്‍ക്ക വിഷയം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്നാല്‍ റെയില്‍വേ ട്രാക്കിലെ രണ്ടു സമാന്തര പാളങ്ങള്‍ തമ്മിലുള്ള ദൂരം നാലടി എട്ടര ഇഞ്ച് ആയിരിക്കണം. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ തങ്ങളുടെ നയം മാറ്റുകയാണ്. ബ്രോഡ്‌ഗേജിലും ഇതേ വേഗം നടപ്പിലാക്കാന്‍ പോകുകയാണ്. ഇതാണ് കെ റെയിലിന് തിരിച്ചടിയായതും.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇനി സ്പീഡ് ലൈന്‍ വരുമ്പോള്‍ അത് ബ്രോഡ്‌ഗേജിലായിരിക്കും. അപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള കെ റെയിലിന് കേരളത്തിന് പുറത്തേയ്ക്ക് ഓടാനാകില്ല.
ചുരുക്കത്തില്‍ ഒരു ലക്ഷം കോടി മുതല്‍മുടക്കുള്ള കേരളത്തിന്റെ സില്‍വര്‍ലൈന്‍ കേരളത്തിനകത്ത് യാത്ര ചെയ്യാന്‍ മാത്രമുള്ള ഉപാധിയായി മാറും. യാത്ര വളരെ ചെലവേറുകയും ചെയ്യും.
അതേസമയം, കെ റെയിലിന് സില്‍വര്‍ ലൈന്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്ത വേഗം കൈവരിക്കാനാവില്ലെന്ന് റെയില്‍വേ കണക്ക് കൂട്ടുന്നു. കുത്തനെയുള്ള വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഏറെയുള്ളതിനാല്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ എന്ന വേഗത കെ റെയിലിന് ലഭിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഓരോ വളവിനും മുന്‍പ് ഹൈസ്പീഡ് ട്രെയിന്‍ സാധാരണ ട്രെയിനിന്റെ വേഗത്തിലേക്ക് മാറ്റേണ്ടി വരും. ഇതും കെ റെയിലിന് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ കേന്ദ്രം കെ റെയിലിന് പച്ചക്കൊടി കാട്ടാന്‍ സാദ്ധ്യതയില്ലെന്നാണ് അണിയറയില്‍ സംസാരം.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചിലവ് കേരളം നല്‍കിയ കണക്കില്‍ ഒതുങ്ങില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതിക്ക് 63,000 കോടിയിലധികം ചിലവ് വരുമെന്നാണ് കേരളം കണക്കുകൂട്ടുന്നത്.
വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 63,941 കോടിയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബജറ്റില്‍ ഇതേ കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ കെ റെയിലിന് കേന്ദ്രസഹായം ലഭിക്കില്ലെന്ന് ഉറപ്പായി. തങ്ങളുടെ അഭിമാന പദ്ധതിയായ കെ റെയില്‍ കേരളത്തില്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പിണറായി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എങ്ങിനെ ഇത് മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തില്‍ കേരളത്തിന് വ്യക്തതയില്ല.
Post Your Comments