ദുബായ്: വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി. ഇവയുടെ നിലവാരം ഉറപ്പാക്കി യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നാണ് മുൻസിപ്പാലിറ്റി അധികൃതരുടെ നിർദ്ദേശം. വെള്ളം ചൂടായ ശേഷം ഹീറ്റർ ഓഫ് ആക്കി കുളിക്കുന്നതാണ് സുരക്ഷിതമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള മാർഗനിർദേശങ്ങൾ ബ്രോഷർ വായിച്ചു മനസ്സിലാക്കണം. തകരാർ ശ്രദ്ധയിൽ പെട്ടാൽ പ്രവർത്തിപ്പിക്കരുത്. തീപിടിത്ത സാധ്യതയുള്ള സാധനങ്ങൾക്കു സമീപം ഹീറ്റർ വയ്ക്കരുത്. കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്തായിരിക്കണം ഹീറ്റർ സ്ഥാപിക്കേണ്ടത്. ഹീറ്റർ ഈർപ്പമുള്ള സ്ഥലങ്ങളിൽ ഘടിപ്പിക്കുകയോ നനഞ്ഞ കൈകൊണ്ടു തൊടുകയോ അരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
തീപിടിക്കാൻ സാധ്യതയുള്ള സ്ഥലത്തുകൂടി ഹീറ്ററിന്റെ കേബിൾ വലിക്കരുത്. കാർപ്പറ്റിനടിയിലൂടെ കേബിൾ വലിക്കുന്നതും സുരക്ഷിതമല്ല. ഇടുങ്ങിയ ഭാഗങ്ങളിൽ ഹീറ്റർ സ്ഥാപിക്കാതിരിക്കുക. ഹീറ്ററിനു ചുറ്റും സ്ഥലം ഒഴിച്ചിടണം. രാത്രി മുഴുവൻ ഓണാക്കിയിടരുതെന്നും അധികൃതർ അറിയിച്ചു.
Post Your Comments