അഡ്വ: ശങ്കു ടി ദാസ് എഴുതുന്നു..
ഹൈക്കോടതി വിധി ഗുരുതരമായ പിഴവും അമിതാധികാര പ്രവണതയുമാണ്.
മീഡിയ വൺ ചാനലിന് സംപ്രേഷണാവകാശം നൽകി കൊണ്ട് കേന്ദ്ര ഐ&ബി മന്ത്രാലയം 30/09/2011ന് നൽകിയ ലൈസൻസ് 29/09/2021 വരെ മാത്രം സാധുതയുള്ളതാണ്.
അത് ഇതിനകം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞതാണ്.
ലൈസൻസ് പത്ത് വർഷത്തേക്ക് കൂടി പുതുക്കി നൽകാൻ മീഡിയ വൺ ചാനൽ 03/05/2021നാണ് അപേക്ഷ സമർപ്പിച്ചത്.
അപ്രകാരം ഒരു ചാനലിന് ലൈസൻസ് പുതുക്കി നൽകുന്നതിന് ഐ&ബി മന്ത്രാലയത്തിന്റെ 2011ലെ അപ്പ്ലിങ്കിങ് ഗൈഡ്ലൈൻസിലെ ക്ളോസ് 9:2 പ്രകാരവും ഡൌൺലിങ്കിങ് ഗൈഡ്ലൈൻസിന്റെ ക്ളോസ് 8:3 പ്രകാരവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ആവശ്യമാണ്.
എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മീഡിയ വണ്ണിന് സെക്യൂരിറ്റി ക്ലിയറൻസ് നൽകാത്തതിനാലാണ് ഐ&ബി മന്ത്രാലയം ചാനലിന് ലൈസൻസ് പുതുക്കി നൽകാതിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ 05/01/2022 തീയതി ഐ&ബി മന്ത്രാലയം ചാനലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അതിന് 19/01/2022 തീയതി ചാനൽ നൽകിയ മറുപടി തൃപ്തികരം അല്ലാത്തതിനാലും അവർക്കെതിരെ ഉന്നയിക്കപ്പെട്ട ഗുരുതര ആരോപണങ്ങൾക്ക് പര്യാപ്തമായ വിശദീകരണം ആവാത്തതിനാലുമാണ് ഇന്ന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര ഐ&ബി മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞതും രാജ്യത്ത് അനുവദിക്കപ്പെട്ട ചാനലുകളുടെ പട്ടികയിൽ നിന്നീ ചാനലിന്റെ പേര് നീക്കിയതും.
നിയമ പ്രകാരവും നടപടി ക്രമങ്ങൾ പൂർത്തീകരിച്ചും ന്യായമായ കാരണങ്ങൾ മുൻനിർത്തിയും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവാണിത്.
ഏത് സാഹചര്യത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് ഇല്ലാതെ ഐ&ബി മന്ത്രാലയത്തിന് ഒരു ചാനലിനും പ്രവർത്തനാനുമതി നൽകുക സാധ്യവുമല്ല.
അപ്രകാരമുള്ള ഉത്തരവിനെ ആണ് കേന്ദ്ര ഐ&ബി മന്ത്രാലയത്തിനോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോ നോട്ടീസ് നൽകി വരുത്തി അവരുടെ വാദം കേൾക്കാൻ പോലും കാത്തു നിൽക്കാതെ മീഡിയ വണ്ണിന്റെ ഹർജി മാത്രം പരിഗണിച്ചു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഏകപക്ഷീയമായി സ്റ്റേ ചെയ്തിരിക്കുന്നത്.
ഫലത്തിൽ ലൈസൻസ് കാലാവധി കഴിഞ്ഞതും ഐ&ബി മന്ത്രാലയത്തിന്റെ അംഗീകാരം ഇല്ലാത്തതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ഇല്ലാത്തതുമായ ഒരു മാധ്യമ സ്ഥാപനത്തിന് സ്വന്തം റിസ്കിൽ രണ്ട് ദിവസത്തെ സംപ്രേഷണ അനുമതി നൽകിയിരിക്കുകയാണ് ഹൈക്കോടതി.
ഗൗരവമുള്ള ചില നിയമ പ്രശ്നങ്ങൾ ഈ വിധി ഉയർത്തുന്നുണ്ട്.
1) ദേശസുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങളെ താത്കാലികമായെങ്കിലും അസാധുവാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ?
2) നിലവിൽ ലൈസൻസ് ഉള്ള ഒരു ചാനലിന്റെ സംപ്രേഷണാവകാശം തടയുക ആണ് കേന്ദ്ര സർക്കാർ ചെയ്തതെങ്കിൽ അത് സ്റ്റേ ചെയ്യുന്ന ഹൈക്കോടതി നടപടി മനസ്സിലാക്കാം.
എന്നാൽ ലൈസെൻസ് കാലാവധി പൂർത്തിയാക്കിയ, നിലവിൽ ലൈസെൻസേ ഇല്ലാത്ത, ഒരു ചാനലിന് രണ്ട് ദിവസത്തെ അധിക സംപ്രേഷണാവകാശം നൽകാനുള്ള അധികാരം കോടതിക്കുണ്ടോ?
3) അങ്ങനെയെങ്കിൽ ഐ&ബിയുടെ ലൈസൻസ് ഇല്ലാത്ത ചാനലുകൾക്കും കോടതി വിധിയുടെ മാത്രം ബലത്തിൽ രാജ്യത്ത് സംപ്രേഷണം നടത്താൻ സാധിക്കുമോ?
4) നിലവിലെ നിയമ പ്രകാരം ഒരു ചാനലിന്റെ സംപ്രേഷണാവകാശം എന്നതിന്റെ കാലാവധി പത്ത് വർഷമാണ് എന്നിരിക്കെ ആ മാനദണ്ഡങ്ങളെ ഒക്കെ കാറ്റിൽ പറത്തി ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായി ഒരു ചാനലിന് സംപ്രേഷണാവകാശം നൽകാൻ കോടതിക്ക് അധികാരമുണ്ടോ?
5) ഇത്തരം കേസുകളിൽ ഇടക്കാല വിധികൾ പുറപ്പെടുവിക്കും മുൻപായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളെ കേൾക്കേണ്ട ബാധ്യത കോടതിക്കില്ലേ?
ഏതാനും ചോദ്യങ്ങൾ മാത്രമാണിത്.
രണ്ട് ദിവസം കഴിഞ്ഞു കോടതി വീണ്ടും ഇരിക്കുമ്പോൾ ഇവയ്ക്ക് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments