ചാവക്കാട്: ഹോട്ടലില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതിരുന്ന ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാൾ പൊലീസ് പിടിയിൽ. എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷക്കീറാണ് (20) പൊലീസ് പിടിയിലായത്. ചാവക്കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് എടക്കഴിയൂരിലുള്ള സുല്‍ത്താന റെസ്റ്റോറന്റിലാണ് കേസിനാസ്പദമായ സംഭവം.
ഹോട്ടൽ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷക്കീറുള്‍പ്പെട്ട രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മദ്യപിക്കാന്‍ ഗ്ലാസ് ആവശ്യപ്പെട്ടപ്പോള്‍ മലയാളം മനസിലാവാതെ മുതലാളിയോട് പറയാന്‍ പറഞ്ഞതായിരുന്നു മർദനത്തിന് കാരണം. രണ്ടംഗ സംഘത്തിന്റെ മര്‍ദനത്തില്‍ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു.
Read Also : എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പം: ജീവിതകഥ പറഞ്ഞ് യുവാവ്
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ ഷക്കീറിനെ രഹസ്യവിവരത്തെത്തുടര്‍ന്ന് ചാവക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.എസ് സെല്‍വരാജിന്റെ നേതൃത്തിലുള്ള സംഘം എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചിനടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് പിടികൂടിയത്.
ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ മാരായ യാസിര്‍, സിനോജ്, എ.എസ്.ഐ സജിത്ത് കുമാര്‍, വനിത സി.പി.ഒ സുമി, സി.പി.ഒ ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments