ആംസ്റ്റർഡാം: നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും വിദേശകാര്യ മന്ത്രി വോപ്കെ ഹോക്സ്ട്രയും ഫെബ്രുവരി ഒന്നിന് ഉക്രൈൻ സന്ദർശിക്കും. ഡച്ച് പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യൻ-ഉക്രേനിയൻ അതിർത്തിയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രി ഹോക്സ്ട്രയും താനും സഖ്യകക്ഷികളായ ഉക്രൈനുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് എന്നിവരുമായി മാർക്ക് റുട്ടെ ചർച്ച നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ഉക്രെയ്നിന് ചുറ്റുമുള്ള പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കാണുക എന്നതാണ് ഈ ചർച്ചകളുടെയെല്ലാം ലക്ഷ്യമെന്ന് ഡച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
ഉക്രൈൻ അതിർത്തിയ്ക്ക് സമീപം റഷ്യ ആക്രമണാത്മക പ്രവർത്തനങ്ങൾ നടത്തുകയാണെന്ന യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും ഉക്രെയ്ന്റെയും ആരോപണങ്ങൾ റഷ്യ തുടർച്ചയായി നിരസിക്കുകയാണ്. തങ്ങൾ ആരെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നില്ലെന്നുമാണ് റഷ്യ പ്രസ്താവിച്ചത്.
Post Your Comments