ന്യൂഡൽഹി: കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുക.
സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തിഅഞ്ചാമത് ബജറ്റ് ആണ് ഇക്കുറി അവതരിപ്പിക്കുന്നത്. കടലാസ് രഹിത ബജറ്റ് തന്നെയായിരിക്കും ഇപ്രാവശ്യം അവതരിപ്പിക്കുക. സാമ്പത്തിക സർവേ ഡിജിറ്റലായി നൽകിയത് പോലെ, ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാകും.
ചൊവ്വാഴ്ച നടക്കുന്ന കാര്യപരിപാടികളിൽ ചോദ്യോത്തര വേളയും ശൂന്യവേളയും ഉണ്ടായിരിക്കില്ല. ബജറ്റ് അവതരണ ശേഷം, ബുധനാഴ്ച രാവിലെ സഭ പിരിയും. രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഉള്ള നന്ദിപ്രമേയ ചർച്ചയും ബുധനാഴ്ച ആരംഭിക്കും. നാല് ദിവസത്തെ പരിപാടിയായ ചർച്ചയ്ക്ക്, ഫെബ്രുവരി ഒൻപതാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും.
കേന്ദ്രബജറ്റ്, അനുബന്ധ രേഖകൾ എന്നിവ പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.
Post Your Comments