ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തിൽ ജമ്മുകശ്മീർ ചൈനയുടെ ഭാഗമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ശന്തനു സെൻ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്. ഈ ഭൂപടം സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും കാണാൻ സാധിക്കും.
ലോകത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ പരിശോധിക്കാൻ വേണ്ടിയാണ് അദ്ദേഹം വെബ്സൈറ്റ് സന്ദർശിച്ചത്. അതിൽ ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മുകശ്മീരിന് വ്യത്യസ്ത നിറമാണ് നൽകിയിരിക്കുന്നതെന്ന് ശന്തനു പറഞ്ഞു. ഭൂപടം സൂം ചെയ്ത് നോക്കിയാൽ, നീല നിറം നൽകിയിരിക്കുന്ന ഭൂപടത്തിൽ ജമ്മുകശ്മീരിന് മാത്രം വ്യത്യസ്ത നിറം നൽകിയത് കാണാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അരുണാചൽ പ്രദേശിന് വ്യത്യസ്ത നിറം നൽകി അതിർത്തി തിരിച്ച് ഇട്ടിട്ടുണ്ടെന്ന് ശന്തനു പറഞ്ഞു. ഇത്തരത്തിൽ, ഭൂപടം ചിത്രീകരിച്ചിരിക്കുന്നത് അന്താരാഷ്ട്ര പ്രശ്നമായി കണക്കാക്കണമെന്നും, വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം അറിയിച്ചു. ഭൂപടത്തിൽ വന്നിരിക്കുന്ന ഈ തെറ്റ് എത്രയും പെട്ടെന്ന് തിരുത്തണമെന്നും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ശന്തനു പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.
Post Your Comments