
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആരോപണം ഉയർത്തി കുടുംബം രംഗത്തെത്തി. കടുത്ത പനി ഉണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ ആശുപത്രി മടക്കി അയച്ചുവെന്ന് കുടുംബം പറയുന്നു. എന്നാൽ സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Also read: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട: 4 പേർ പിടിയിൽ
അട്ടപ്പാടിയിൽ കൊവിഡ് ബാധിച്ച് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിലാണ് ആശുപത്രിയുടെ അനാസ്ഥ കുടുംബം ആരോപിക്കുന്നത്. ശനിയാഴ്ച പുലർച്ചെയാണ് സൈജു – സരസ്വതി ദമ്പതികളുടെ മകൻ സ്വാദീഷ് കൊവിഡ് ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ ചൊവ്വാഴ്ച അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിരുന്നു. പനി കുറയാത്തതിനാൽ കുട്ടിയെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. മരുന്ന് നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങിക്കൊള്ളാൻ ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും, കുട്ടി ക്ഷീണിച്ച് അവശനായതോടെ മാതാപിതാക്കൾ കിടത്തി ചികിത്സിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവരുടെ ആവശ്യം അവഗണിച്ചുകൊണ്ട് ആശുപത്രി തങ്ങളെ നിർബന്ധിച്ച് തിരിച്ച് അയയ്ക്കുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.
എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്‌ച്ച ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വാദം. കുട്ടിയെ മൂന്ന് മണിക്കൂർ നിരീക്ഷിച്ചതിന് ശേഷമാണ് മടക്കി അയച്ചത്. ചുമ ഒഴികെ മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസം ശിശുരോഗ വിദഗ്ധനെ കാണിക്കാനും നിർദ്ദേശിച്ചിരുന്നു. ചെറിയ കുട്ടിയായതിനാലാണ് കൊവിഡ് ടെസ്റ്റ് നടത്താതിരുന്നതെന്നും സൂപ്രണ്ട് ഡോ. അബ്ദുൾ റഹ്മാൻ പറഞ്ഞു.
Post Your Comments