കണ്ണൂർ: ജില്ലാ ആശുപത്രിയിൽ എൻ95 മാസ്ക് വിഴുങ്ങിയ നായയിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു. കണ്ണൂർ തളാപ്പിലെ ഷിജിയുടെ ബീഗിൾ ഇനത്തിൽപെട്ട മൂന്ന് മാസം പ്രായമായ നായയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം മുൻപാണ് നായ ഒരു എൻ95 മാസ്ക് വിഴുങ്ങിയത്. വീട്ടിലെ ഒരാൾ മേശയ്ക്ക് മുകളിൽ അലക്ഷ്യമായി വെച്ച മാസ്കാണ് നായ വിഴുങ്ങിയത്. വീട്ടുകാർ ഈ വിവരം അറിഞ്ഞിരുന്നില്ല.
Also read: കോതമംഗലത്ത് 21 കുപ്പി ഹെറോയിനുമായി അസം സ്വദേശി പിടിയിൽ
നായ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് പന്തികേട് തോന്നിയത്. നായയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും എക്സറേ എടുത്ത് പരിശോധിച്ചപ്പോൾ ആണ് നായയുടെ വയറ്റിൽ മാസ്ക് കുടുങ്ങി കിടക്കുകയാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്ക് വയറിൽ നിന്നും പുറത്തുവന്നില്ല.
ഇതോടെയാണ് ജില്ലാ ആശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ഷെറിന്റെ നേതൃത്വത്തിൽ നായയിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായതോടെ മാസ്ക് പുറത്തെടുക്കാൻ കഴിഞ്ഞു. ഇപ്പോൾ നായ ആരോഗ്യവാനാണ്. ജില്ലാ ആശുപത്രികളിൽ മുൻപും നായകളെ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് മാസ്ക് വിഴുങ്ങിയ നായയിൽ ശസ്ത്രക്രിയ നടത്തുന്നത്.
Post Your Comments