IdukkiKeralaLatest NewsNews

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായി എസ്. രാജേന്ദ്രൻ

'മറ്റൊരു പാർട്ടിയിലേക്കും പോകുന്നില്ല. എനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താധാരയുമായി ചേർന്ന് പോകാൻ കഴിയില്ല' എസ്. രാജേന്ദ്രൻ വ്യക്തമാക്കി.

ഇടുക്കി: രാഷ്ട്രീയ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നതായി മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ പ്രഖ്യാപിച്ചു. ‘എട്ട് മാസത്തോളമായി പ്രവർത്തനങ്ങളിൽ ഒന്നും സജീവമല്ല. മറ്റൊരു പാർട്ടിയിലേക്കും പോകുന്നില്ല. എനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താധാരയുമായി ചേർന്ന് പോകാൻ കഴിയില്ല. മറ്റ്‌ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അവർ പോകട്ടെ’ എസ്. രാജേന്ദ്രൻ വ്യക്തമാക്കി. തനിക്ക് എതിരായ പ്രചാരണങ്ങൾ കൂടുതലും നടത്തിയത് മൂന്നാറിലെ പ്രാദേശിക നേതാക്കൾ ആണെന്നും, പാർട്ടിയുടെ പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറണം: യച്ചൂരിക്ക് കത്തയച്ച് വി ഡി സതീശൻ

കഴിഞ്ഞ ദിവസമാണ് എസ്. രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തിൽ നിന്നും രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ. രാജയെ വിജയിപ്പിക്കാൻ എസ്. രാജേന്ദ്രൻ പരിശ്രമിച്ചില്ലെന്നും അദ്ദേഹത്തെ പരാജയപ്പെടുത്താൻ നീക്കങ്ങൾ നടത്തിയെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് രാജേന്ദ്രനെ തത്കാലത്തേക്ക് പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശുപാർശ നൽകിയത്.

ജനുവരി ആദ്യ വാരം ഇടുക്കിയിൽ നടന്ന പാർട്ടിയുടെ ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗത്തിനിടെ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയുടെ പേര് സൂചിപ്പിക്കാൻ പോലും രാജേന്ദ്രൻ സന്നദ്ധനായിരുന്നില്ല. സ്ഥാനാർത്ഥിയുടെ പേര് പറയണമെന്ന് നേതാക്കൾ നിർദ്ദേശിച്ചിട്ടും രാജേന്ദ്രൻ അനുസരിച്ചില്ല. രാജേന്ദ്രന്റെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷണ കമ്മീഷനും ശരിവെച്ചതോടെയാണ് അദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ നൽകിയതെന്ന് പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിലും രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. ജില്ലാ സമ്മേളനം കഴിഞ്ഞതോടെ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ എസ്. രാജേന്ദ്രൻ ഉൾപ്പെടെ 8 പേരെ പാർട്ടി ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button