കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയിൽ പി.വി അൻവർ എംഎൽഎയ്ക്കും കുടുംബത്തിനും രേഖകൾ ഹാജരാക്കാൻ താമരശ്ശേരി ലാൻഡ് ബോർഡ് കൂടുതൽ സമയം അനുവദിച്ചു. ഫെബ്രുവരി 15 ന് കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി പി.വി അൻവർ എംഎൽഎയും കുടുംബവും ഹാജരാകണമെന്ന് കോഴിക്കോട് ലാൻഡ് അക്വീസിഷൻ ഡെപ്യുട്ടി കലക്ടർ അൻവർ സാദത്ത് നിർദ്ദേശം നൽകി.
Also read: സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പാന്‍മസാല വില്‍പന : വ്യാപാരി അറസ്റ്റിൽ
പി.വി അൻവർ എംഎൽഎയോടും അദ്ദേഹത്തിന്റെ ഭാര്യമാരോടും കഴിഞ്ഞ ദിവസം താമരശ്ശേരി ലാൻഡ് ബോർഡിന് മുൻപാകെ രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിദേശത്ത് ആയിരുന്ന എംഎൽഎയ്ക്ക് അന്ന് ഹാജരാകാൻ കഴിഞ്ഞില്ല. അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ അഡ്വ. സന്ദീപ് കൃഷ്ണൻ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തേടുകയായിരുന്നു.
ഭൂരേഖകളുമായി ഹാജരാകാൻ കഴിഞ്ഞ ഡിസംബർ 30 ന് പി.വി അൻവറിന് ലാൻഡ് ബോർഡ് ചെയർമാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന അധികഭൂമി ജനുവരി ഒന്ന് മുതൽ അഞ്ച് മാസങ്ങൾക്കകം പിടിച്ചെടുക്കാൻ ജനുവരി 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് മാസങ്ങൾക്കകം അധികഭൂമി കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി ഷാജി നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Post Your Comments