കോട്ടയം: വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം എരുമേലി പൊലീസ് ബിഎന്‍എസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകള്‍ പ്രകാരം 873/24 നമ്പര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Read Also: സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം: നിരവധി വീടുകളില്‍ വെള്ളം കയറി, തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
അന്‍വറിനെ കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലുള്ള വിരോധം കാരണം ഷാജന്‍ സ്‌കറിയയുടെ ചാനലിലെ 15-9-2021ലെ 11.56 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താവീഡിയോയിലെ 32 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 29-5-2021ലെ വാര്‍ത്താവീഡിയോയിലെ ഏഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 13-8-2022 തീയതിയിലെ വാര്‍ത്താ വീഡിയോയിലെ 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും 29-5-2023 തീയതിയിലെ വാര്‍ത്താവീഡിയോയിലെ ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ദ്യശ്യവും പകര്‍ത്തിയെടുത്ത് സംയോജിപ്പിച്ച് ക്യത്രിമമായി തയ്യാറാക്കി ഫേസ്ബുക് പേജിലൂടെ എംഎല്‍എ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ഇത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു. തന്നെ കുറിച്ചും, മാധ്യമ സ്ഥാപനത്തെ കുറിച്ചും അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ ഫേസ്ബുക് പോസ്റ്റിലൂടെ നല്‍കിയെന്നും മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കളവായ വീഡിയോ പ്രചരിപ്പിച്ച് അത് തന്റെ ചാനല്‍ പ്രചരിപ്പിച്ചതാണെന്ന് സമൂഹത്തില്‍ വരുത്തി തീര്‍ത്ത് സത്‌പേരിനും, കീര്‍ത്തിക്കും ഭംഗം വരുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
Post Your Comments