ഹരിയാന: പ്രമുഖ മൾട്ടിനാഷണൽ ഇ-കൊമേഴ്‌സ് സൈറ്റിന്റെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച ഉപഭോക്താവിന് മുക്കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന രൂപേന്ദർ കുമാറിനാണ് തട്ടിപ്പിലൂടെ 74,966 രൂപ നഷ്ടപ്പെട്ടത്. ജനുവരി 13 ന് രൂപേന്ദർ കുമാർ ഒരു സ്മാർട്ടഫോണിന് ഓർഡർ നൽകിയിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അത് ലഭിച്ചിരുന്നില്ല. തുടർന്ന് ജനുവരി 17 ന് ഉത്പന്നം കമ്പനിയിലേക്ക് മടക്കി അയയ്ക്കപ്പെട്ടതായി അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു.
പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ഇന്റർനെറ്റ് വഴി ലഭിച്ച ഒരു കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. ഫോൺ എടുത്ത ആൾ രണ്ട് തവണ ശ്രമിച്ചിട്ടും തനിക്ക് പണം തിരികെ അയയ്ക്കാൻ കഴിയുന്നില്ലെന്നും മറ്റൊരു നമ്പറിൽ വിളിക്കാനും ആവശ്യപ്പെട്ടു. രണ്ടാമത്തെ കോളിനിടെ കമ്പനിക്ക് തന്റെ ഫോണിലേക്ക് റിമോട്ട് ആക്സസ് നൽകുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇയാൾ രൂപേന്ദറിനോട് ആവശ്യപ്പെട്ടു.
‘സംസാരിക്കുന്നതിനിടെ കമ്പനി എന്റെ ഫോൺ ഹാക്ക് ചെയ്ത്, എന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ഇടപാടുകളിലായി 74,966 രൂപ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റി’ രൂപേന്ദർ കുമാർ പരാതിയിൽ പറയുന്നു. ‘ആൾക്കാർ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പകരം ഇപ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്റർനെറ്റിൽ ലഭ്യമാകുന്ന കസ്റ്റമർ കെയർ നമ്പറുകളെയാണ്. ഈ വ്യാജ നമ്പറുകൾ വഴി നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്’ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments