ആലപ്പുഴ: ചെറിയ പ്രായം മുതൽ തന്നെ നഗരസഭയുടെയും വനിതാ ശിശു ക്ഷേമ വകുപ്പിന്റെയും മകളായി മഹിളാ മന്ദിരത്തിൽ കഴിഞ്ഞുവന്ന രഞ്ജിനി വിവാഹിതയായി. കൈനകരി കുട്ടമംഗലം പൗവ്വത്ത് പറമ്പ് രമേശൻ – സുധർമ്മ ദമ്പതികളുടെ മകൻ സുരാജ് ആണ് വരൻ. അമ്മയുടെ സ്ഥാനത്ത് നിന്ന് നഗരസഭാ അധ്യക്ഷ സൗമ്യ രാജ് നിറപറയും വിളക്കും നൽകി. രഞ്ജിനിയുടെ കൈ പിടിച്ചു കൊടുത്തത് എ.എം ആരിഫ് എംപി ആണ്. എച്ച്. സലാം എംഎൽഎ വരണമാല്യം എടുത്ത് കൊടുത്തു. ജില്ലാ കലക്ടർ എ. അലക്‌സാണ്ടർ ദമ്പതികളെ ആശീർവദിച്ചു.
നഗരസഭാ ഉപാധ്യക്ഷൻ പി.എസ്.എം ഹുസൈൻ ആണ് വരനെ മണ്ഡപത്തിലേക്ക് സ്വീകരിച്ചത്. ചടങ്ങിന് കുറവുകൾ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ് കാരണവരുടെ സ്ഥാനം അലങ്കരിച്ചു. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ എൽ. ഷീബ, മഹിളാമന്ദിരം സൂപ്രണ്ട് ജി.ബി ശ്രീദേവി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നഗരസഭാ ടൗൺ ഹാളിൽ ആണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നഗരസഭ മഹിളാ മന്ദിരം ക്യാംപസിൽ മെഹന്തിയും ഗാനമേളയും വിരുന്നും ഒരുക്കിയിരുന്നു.
ആലപ്പുഴയിലെ രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും തങ്ങളുടെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന് മേൽനോട്ടം വഹിച്ചു. പൊന്നും മിന്നും ഒരുക്കങ്ങളും നഗരസഭ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. വനിതാ ശിശുക്ഷേമ വകുപ്പ് പെൺകുട്ടിക്ക് ധനസഹായം നൽകി.
Post Your Comments