പാരിസ്: 8 മണിക്കൂർ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിൽ കിഴക്കൻ ഉക്രെയ്നിൽ വെടിനിർത്തലിന് ധാരണയായി റഷ്യയും ഉക്രെയ്നും. ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. റഷ്യ, കിഴക്കൻ ഉക്രൈൻ അതിർത്തിക്ക് സമീപം സേനകളെ വിന്യസിച്ചതോടെ മേഖലയിൽ അധിനിവേശ ഭീഷണി നിലനിന്നിരുന്നു. എന്നാൽ, നിലവിൽ പുറത്ത് വരുന്ന വാർത്തകൾ ശുഭസൂചനയാണ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.
സംയുക്ത പ്രസ്താവനയിൽ റഷ്യയും ഉക്രൈനും ഒപ്പുവയ്ക്കാൻ തയ്യാറാകുന്നത് 2019 ന് ശേഷം ഇത് ആദ്യമായാണ്. റഷ്യയ്ക്കും ഉക്രൈനും പുറമെ, 2014 മുതൽ കിഴക്കൻ ഉക്രെയിനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഫ്രാൻസും ജർമനിയും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. രാജ്യങ്ങൾ ഒപ്പിട്ടിരിക്കുന്നത് ഉപാധികളില്ലാത്ത വെടിനിർത്തൽ പ്രസ്താവനയിലാണ്.
അടുത്ത നയതന്ത്ര ചർച്ച രണ്ട് ആഴ്ചകൾക്ക് ശേഷം ബെർലിനിൽ നടക്കും. ഉക്രെയിനിൽ അധിനിവേശം നടത്തിയാൽ റഷ്യയ്ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തുവന്നിരുന്നു.
Post Your Comments