കണ്ണൂർ: വളപട്ടണം പുഴയ്ക്ക് അക്കരെ എത്താൻ സൗകര്യപ്രദവും സുരക്ഷിതവുമായ ഒരു പാലം വേണമെന്ന ശ്രീകണ്ഠാപുരം അലക്സ് നഗർ നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോടികൾ ചെലവിട്ട് പാലം നിർമ്മാണം തുടങ്ങിയെങ്കിലും പണി പൂർത്തിയാക്കാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദ്രവിച്ച് തകർന്നു വീഴാറായ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് അറുതി വരുത്താൻ സർക്കാർ ഇടപെടണം എന്ന അലക്സ് നഗർ നിവാസികളുടെ ആവശ്യം ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്.
Also read: തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ ആക്രമിച്ചു : സഹപ്രവര്‍ത്തകനെതിരെ കേസ്
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ച് 2018 ൽ അലക്സ് നഗറിനെയും കാഞ്ഞിരേലിയെയും ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിച്ചു. ഒന്നര വർഷത്തിനുള്ളിൽ പാലം ഗതാഗതയോഗ്യമാക്കുമെന്ന് ആയിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ നിർമ്മാണം തുടങ്ങി നാല് വർഷങ്ങൾ പിന്നിടുമ്പോഴും പാലത്തിന്റെ അവസ്ഥ ശോചനീയമായി തുടരുന്നു.
109 മീറ്റർ നീളം വേണ്ട പാലത്തിന്റെ തൂണുകൾ മാത്രമാണ് നിലവിൽ നിർമ്മിച്ചിരിക്കുന്നത്. 10 കോടിയോളം രൂപ ചിലവിൽ പാലവും അപ്പ്രോച്ച് റോഡും പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. യാത്രകൾക്കായി വർഷങ്ങൾ പഴക്കമുള്ള തൂക്കുപാലത്തെ തന്നെയാണ് നാട്ടുകാർ ഇപ്പോഴും ആശ്രയിക്കുന്നത്. പ്രത്യേകിച്ചും മഴക്കാലത്ത് ജീവൻ പണയം വെച്ചാണ് വിദ്യാർത്ഥികളും വയോധികരും അടക്കം നാട്ടുകാർ ഈ തൂക്കുപാലത്തിലൂടെ യാത്ര ചെയ്യുന്നത്.
എന്നാൽ കരാറുകാരൻ സാമ്പത്തിക പ്രതിസന്ധി മൂലം പിന്മാറിയതാണ് നിർമ്മാണം വൈകാൻ കാരണമെന്നും, പുതിയ കരാറുകാരനെ കണ്ടെത്തി പണി പൂർത്തിയാക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.
Post Your Comments